ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ എവിടെ ?; ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ എവിടെ ?; ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിക്കുന്നു

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുമ്പ് മൊസൂളിലെ ഐ.എസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളില്‍ നിന്ന് വിദേശ കാര്യ മന്ത്രാലയം ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നു. ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകള്‍ സിറിയയിലേക്കും ഇറാഖിലേക്കും അയക്കും. ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിച്ച ആളുകളുമായും കണ്ടെടുത്ത മൃതദേഹങ്ങളുമായും ഒത്തു നോക്കാനണ് ഡി.എന്‍.എ സാമ്പിളുകള്‍ അയക്കുന്നത്. തെളിവുകള്‍ ലഭിക്കാത്തിടത്തോളം കാലം 39 പേരും മരിച്ചുവെന്ന അനുമാനത്തിലെത്തുകയായിരുന്നു. ഇത് പാപമാണെന്ന സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് പിറകെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. നമുക്ക് അവരെ കുറിച്ച് വ്യക്തമായ തെളിവുകള്‍ വേണം. പ്രാദേശിക ഭരണകൂടവുമായി നമ്മള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഡി.എന്‍.എ സാമ്പിളുകള്‍ ലഭിച്ചാല്‍ അത് അവിടെ കസ്റ്റഡിയിലുള്ള ആളുകളുമായും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായും ഒത്തു നോക്കി മരിച്ചോ ഇല്ലയോ എന്ന തീരുമാനത്തിലെത്തന്‍ കഴിയും, വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട 39 ഇന്ത്യക്കാരില്‍ 25 പേരും പഞ്ചാബികളാണ്. സാമ്പിളുകള്‍ ശേഖരിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച്ച ഏഴുഅംഗങ്ങളുടെ കുടുംബാംഗങ്ങള്‍ അമൃത്സര്‍ മെഡിക്കല്‍ കോളേജില്‍ സാമ്പിളുകള്‍ നല്‍കാന്‍ പോയിരുന്നു. എന്നാല്‍ സൂക്ഷിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളില്ലാത്തതിനാല്‍ ശനിയാഴ്ച ഡി.എന്‍.എ സാമ്പിളുകള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്‌നം പരിഹരിച്ച് ഞായറാഴ്ച്ച സാമ്പിളുകള്‍ ശേഖരിക്കും. വിദേശ കാര്യ മന്ത്രാലയം തഹസില്‍ദാര്‍ക്കും പഞ്ചാബ് സര്‍ക്കാരിനും അയച്ച കത്തില്‍ രണ്ട് സാമ്പിളുകള്‍ വീതം ഓരോ ആളുകളുടെ ബന്ധുക്കളില്‍ നിന്നും ശേഖരിക്കാന്‍ പറയുന്നുണ്ട്. ഒന്ന് ബാഗ്ദാദിലേക്കയക്കാനും മറ്റൊന്ന് സര്‍ക്കാരിന് ഡി.എന്‍.എ റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണിത്. ഐ.എസിന്റെ പിടിയില്‍നിന്ന് മോചിതമായ മൊസൂളിലും ബാദുഷില്‍ നിന്നുമായി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെയുള്ള മൃതദേഹാവശിഷ്ടങ്ങളുമായും സാമ്പിളുകള്‍ ഒത്തു നോക്കും. ജൂണ്‍ 2014 ലാണ് ഐഎസ് 40 പേരെതട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ ഒരാളായ ഹര്‍ജിത്ത് മാസി നാടകീയമായി രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ബാക്കി 39 പേരെയും ഐ.എസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിദേശ കാര്യ മന്ത്രാലയം വിശ്വാസത്തിലെടുത്തിട്ടില്ല

 

0Shares