
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും തുലാമാസത്തിലെ പത്താമുദയത്തിന് ഭക്തിനിർഭരമായ തുടക്കം. ആയിരത്താണ്ട് പഴക്കമുള്ളതും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങളും പത്താമുദയം അനുഷ്‌ഠാന ചടങ്ങുകളില്‍ കാണാം. കര്‍ക്കിടക വറുതിയുടെ ദാരിദ്ര്യത്തിൻ്റെ പഴയകാലത്ത് തെല്ലൊരാശ്വാസം ചൊരിഞ്ഞ് കടന്നുവന്ന ചിങ്ങത്തിന് പിറകെ ജീവിത പ്രതീക്ഷകൾ തുലാപ്പത്ത് ദിനത്തോടെ ഉദിച്ചുയരുകയാണ്. കൃഷിനിലത്തിൻ്റെ നേരവകാശികളായ പുലയരുടെ തെയ്യത്തോട് കൂടിയാണ് വടക്കന്‍ കേരളത്തിലെ മിക്കത്തെയ്യക്കാവുകളും ഉണരുന്നത്. ഇടവപ്പാതിയോടെ നടയടച്ച കാവുകള്‍ പുണ്യാഹകലശത്തോടെ തുറന്ന് വിളക്ക് വെക്കുന്ന സുദിനം കൂടിയാണ് പത്താമുദയം. തുലാപ്പത്ത് മുതല്‍ ഇടവപ്പാതിവരെയാണ് വടക്കന്‍ കേരളത്തിലെ തെയ്യാട്ടക്കാലം..
പണ്ടുകാലത്ത് സൂര്യോദയത്തിന് മുമ്പേ കുളിച്ച് കുറിവരച്ച് കുടുംബാങ്ങങ്ങൾ മുറ്റത്ത് നിലവിളക്കും നിറനാഴിയുമായി കാത്തുനില്‍ക്കും. ചരാചര ജീവകാരനായ സൂര്യൻ കിഴക്ക് ഉദിച്ച് പൊങ്ങുമ്പോള്‍ വാല്‍ക്കിണ്ടിയില്‍ നിന്ന് വെള്ളം ജപിച്ചെറിഞ്ഞും ഇരുകയ്യിലും ഉണക്കലരി വാരിയെടുത്തെറിഞ്ഞ് അരിയിട്ടെതിരേറ്റും പത്താമുദയത്തെ നിലവിളക്ക് കത്തിച്ച് തറവാട്ടിനകത്തെ പൂജാമുറിയിലേക്ക് ആനയിക്കും.
കാറുമൂടാത്ത പത്താമുദയം നാടിനും വീടിനും സമ്പല്‍സമൃദ്ധി സമ്മാനിക്കുന്നുവെന്നാണ് വിശ്വാസം. കാര്‍ഷിക സംസ്‌ക്കാരം സമ്മാനിച്ച അമൂല്യമായ സന്ദേശവും പത്താമുദയത്തില്‍ കാണാം. കന്നുകാലികളെ കൂട്ടിയ ആലയുടെ കന്നിമൂലയില്‍ അടുപ്പ് കൂട്ടി, കാലിച്ചാനൂട്ട് എന്ന നിവേദ്യാര്‍പ്പണം നടത്തും. ഉണക്കലരിപ്പായസമാണ് നിവേദ്യം.അതുണ്ടാക്കുന്നത് പത്തോ-പന്ത്രണ്ടോ വയസ്സുള്ള ആണ്‍കുട്ടികളായിരിക്കും. ‘കാലിച്ചേകോന്‍’ അഥവാ ‘കാലിച്ചാന്‍’- എന്ന സാക്ഷാല്‍ അമ്പാടിക്കണ്ണനെ സംപ്രീതനാക്കാനാണ് പ്ലാവിലകളില്‍ ഈ നിവേദ്യം വിളമ്പി വെക്കുന്നതെന്നാണ് വിശ്വാസം. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ വന്നുകൂടിയ കുട്ടികള്‍ക്കെല്ലാം പായസം വിളമ്പും.
പത്താമുദയനാളിൽ മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ കാലിച്ചാന്‍ തെയ്യത്തെയും തുടിവാദ്യത്തിൻ്റെ അകമ്പടിയോടെ വീടുകൾതോറും ചെന്ന് ഈണത്തില്‍ പാടുകയും അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യും. വീട്ടുകാര്‍ ദൈവത്തിന് നെല്ലോ, അരിയോ, പണമോ കാണിക്കയായി നല്‍കും. കാലാന്തരത്തിൽ വടക്കന്‍ കേരളത്തിലെ ആചാരങ്ങളിൽ പലതും കാലഹരണപ്പെട്ടു.