എ. കെ ആന്റണിയുടെ റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു; തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing എ. കെ ആന്റണിയുടെ റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു; തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍

തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിനിടയില്‍ ഇന്ന് സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിൽ എ. കെ ആന്റണിയുടെ റോഡ് ഷോ എൽ.ഡി. എഫ് പ്രവർത്തകർ തടഞ്ഞു. വേളിയിൽ ആൻ്റണിയും സ്ഥാനാർത്ഥി ശശി തരൂരും പങ്കെടുത്ത റോഡ് ഷോ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

ഉച്ച കഴിഞ്ഞുള്ള സമയത്താണു റോഡ് ഷോ മുൻ കൂർ അനുമതിയോടെ നടത്തിയത്. മൂന്നു മണിയോടെ റോഡ് ഷോ തുടങ്ങിയ അവസരത്തിലാണ് വേളിയിൽ ഇവർ സഞ്ചരിച്ച തുറന്ന വാഹനം തടഞ്ഞത്. ശശി തരൂരിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാൻ ഉള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ. കെ ആന്റണി പ്രതികരിച്ചു. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും എ. കെ ആന്റണി പറഞ്ഞു.

കഴക്കൂട്ടത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍റെ വാഹനത്തിനുനേര്‍ക്ക് ചെരിപ്പേറുണ്ടായതായി ബി.ജെ.പി ആരോപിച്ചു. അതേപോലെ, പത്തനംതിട്ടയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പോലീസുകാരനു പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളിയിലും സംഘര്‍ഷമുണ്ടായി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍റെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്‍റെ വാഹനത്തിന് നേര്‍ക്ക് കല്ലേറ് ഉണ്ടായി. പരിക്കേറ്റ രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം മണ്ഡലത്തില്‍ പാലാരിവട്ടത്ത് സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊന്നാനിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊന്നാനിയിലെ കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നിഷേധിചെങ്കിലും ഇവിടേക്ക് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതില്‍ കല്‍പ്പകഞ്ചേരി എസ്.ഐ പ്രിയനു പരിക്കേറ്റു.

കോഴിക്കോട് വടകരയിലെ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയില്‍ തൊടുപുഴയിലും നെടുങ്കണ്ടത്തും സംഘര്‍ഷമുണ്ടായി.

0Shares