ചെര്‍ക്കള(കാസര്‍കോട്): പഞ്ചായത്തുകളില്‍ നടക്കുന്ന പല പദ്ധതികളും ജനങ്ങളിലേക്ക് കൃത്യമായി എത്താറില്ല എന്നതിന് ഒരു ഉദാഹരണം കൂടി പുറത്തുവന്നു. ചെങ്കള പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഇടതുമുന്നണി സ്വതന്ത്രന്‍ അബ്ദുല്ലക്ക് എതിരെയാണ് നാട്ടുകാര്‍ രംഗത്ത് വന്നത്. എസ്.സി വിഭാഗത്തില്‍ പെട്ട സുശീലക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പണം വാര്‍ഡ് മെമ്പര്‍ കൈപറ്റിയതായാണ് പരാതി. സുശീലക്ക് വീടുനിര്‍മിക്കാന്‍ ആദ്യപടിയായി അനുവദിച്ച അമ്പത്തിരണ്ടായിരം രൂപ വാര്‍ഡ് മെമ്പര്‍ തട്ടിയെടുക്കുകയായിരുന്നു. വീട് താന്‍ നിര്‍മിച്ചുതരാമെന്ന് സുശീലയെ പറഞ്ഞു പറ്റിക്കുകയും പണം കൈക്കലാകുകയുമായിരുന്നുവെന്നാണ് ആരോപണം.
പിന്നീട് വീട് നിര്‍മിക്കാനുള്ള യാതൊരു നീക്കവും മെമ്പറുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്. ഇതേ വാര്‍ഡില്‍ സമാനമായ മറ്റു പല പരാതികളും നിലവിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പശുവളര്‍ത്തലുമായി ബന്ധപ്പെട്ട് നല്‍കിയ പഞ്ചായത്ത് പദ്ധതിയില്‍ നിന്നും നാട്ടുകാരെ പറ്റിച്ച് പണം കൈക്കലാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലാം വാര്‍ഡില്‍ ഇപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന മെമ്പര്‍ കൈപ്പറ്റിയ പണം തിരികെ നല്‍കി തടിയൂരാനുള്ള ശ്രമവും നടത്തുന്നതായാണ് വിവരം.