എസ്.ഐയുടെ തൊപ്പി ധരിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ സെല്‍ഫി, സംഭവം വൈറലായതോടെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing എസ്.ഐയുടെ തൊപ്പി ധരിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ സെല്‍ഫി,  സംഭവം വൈറലായതോടെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

കോട്ടയം: ബി.ജെ.പിക്കാരെ ആക്രമിച്ചതിന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് എസ്ഐയുടെ തൊപ്പി വച്ച് സെല്‍ഫിയെടുക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് നേതാവിനെ സസ്‌പെന്റുചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന്‍ എന്ന അമ്പിളി(23) ആണ് എസ്.ഐയുടെ തൊപ്പിവച്ചിരിക്കുന്ന ചിത്രം കൂട്ടുകാര്‍ക്ക് അയ്ച്ച് കൊടുത്തത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ മിഥുനെതിരെ മൂന്നു വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ 18 കേസുകള്‍ നിലവിലുണ്ട്. കോട്ടയം കുമരകത്ത് കഴിഞ്ഞ ദിവസം ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബി.എം.എസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കുമരകം സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് മിഥുന്‍.


സംസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയത്തെ പ്രശ്നങ്ങളിലും ഇരു വിഭാഗങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ഒന്നാം തീയതി സമാധാന ചര്‍ച്ച നടത്തി സമാധാനത്തിലെത്തിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ അഞ്ചാംതീയതി കുമരകത്ത് വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായി. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മിഥുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഈസ്റ്റ് സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ മിഥുനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈകിട്ടാണ് മിഥുന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐയുടെ തൊപ്പി തലയില്‍ വച്ച് സെല്‍ഫി എടുത്തത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എസ്.ഐയുടെ തൊപ്പി പ്രതിയുടെ തലയില്‍ വന്നതെങ്ങനെയെന്ന് അന്വേഷിക്കാനുള്ള ചുമതല കോട്ടയം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി.

 

 

0Shares