
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം പോലീസ് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. പാലായിലെ മജിസ്ട്രേറ്റ് കോടതിയിൽ വൈക്കം ഡിവൈ.എസ്.പി പി.കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഷപ്പിനെതിരായി പ്രധാനമായും ബലാത്സംഗം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
ഫ്രാങ്കോ മുളയ്ക്കല്‍ അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡനം, അന്യായമായി തടഞ്ഞുവെക്കൽ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുക എന്നീ കുറ്റങ്ങളാണ് ചുമത്തിയെതെന്നാണ് സൂചന. കേസില്‍ കർദിനാൾ ഉൾപ്പെടെ 83 സാക്ഷികളുമുണ്ട്. ഇതിൽ 11 വൈദികരും മൂന്ന് ബിഷപ്പുമാരും 25 കന്യാസ്ത്രീകളും രഹസ്യമൊഴിയെടുത്ത മജിസ്ട്രേറ്റുമാരും ഉൾപ്പെടും.

ബിഷപ്പിന് ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. 8ല്‍ കൂടുതല്‍ പേജുകളുള്ള കുറ്റപത്രത്തിനോടൊപ്പം ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവക്കുപുറമേ മുപ്പതിലധികം രേഖകളും സമർപ്പിക്കും. എന്നാൽ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നദിവസം പ്രാർത്ഥനാദിനമായി ജലന്ധർ രൂപത ആചരിക്കും. കേസിലെ മറഞ്ഞിരിക്കുന്നസത്യം പുറത്തുവരാൻ എല്ലാവരും പ്രാർഥിക്കണമെന്നാണ് ബിഷപ് ആഞ്ചലോ ഗ്രേഷ്യസിന്റെ ആഹ്വാനം.
ഇതോടൊപ്പം തന്നെ ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ വിശ്വാസികളുടെ വീടുകളിൽ പ്രാർത്ഥനയും നടത്തും. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയാണ് ജലന്ധർ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയത്.
2014നും 16നും ഇടയില്‍ നാടുക്കുന്ന് മഠത്തില്‍വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. 25ദിവസത്തെ ജയിൽവാസത്തിനുശേഷം ഒക്ടോബർ 16ന് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കേസിന്റെ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ ജില്ല പൊലീസ് മേധാവിയെ നേരിൽകണ്ട് പരാതി അറിയിച്ചിരുന്നു. ഏറെ വിവാദമായ കേസായതിനാല്‍ അന്വേഷണസംഘം തയാറാക്കിയ കുറ്റപത്രം സ്പെഷൽ പ്രോസിക്യൂട്ടറുടെ നിര്‍ദേശങ്ങൾ പരിഗണിച്ച് തിരുത്തലുകള്‍ വരുത്തിയശേഷമാണ് കോടതിയിൽ സമർപ്പിക്കുന്നത്.
