കോട്ടയം: ശബരിമല ക്ഷേത്രത്തില്‍ ആദിവാസി, ദളിത്, മലയരയ വിഭാഗക്കാര്‍ക്കുളള അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിനൊരുങ്ങി ആദിവാസി സംഘടനകള്‍ രംഗത്തിറങ്ങുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഹിന്ദുത്വ വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനും ഡിസംബര്‍ ഒന്നിന് വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നിന്ന് എരുമേലിയിലേക്ക് ‘വില്ലുവണ്ടിയാത്ര’ നടത്തും. വിവിധ ജില്ലകളില്‍ നിന്ന് വില്ലുവണ്ടിയാത്രകളും പദയാത്രകളും കലാജാഥയും എരുമേലിയില്‍ ഒത്തുചേര്‍ന്ന് റാലിയും പൊതുസമ്മേളനവും നടത്തും.
ശബരിമല വിഷയത്തില്‍ ഭാവിപരിപാടികള്‍ ആലോചിക്കാനായി കോട്ടയത്ത് ചേര്‍ന്ന ദളിത്-ആദിവാസി-ജനാധിപത്യ കണ്‍വെന്‍ഷനിലാണ് തീരുമാനം. ശബരിമലയുടെ എല്ലാ അവകാശങ്ങളും യഥാര്‍ത്ഥ ഉടമകളായ ആദിവാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് വിഷയാവതരണം നടത്തിയ ആദിവാസി ഗോത്രമഹാസഭ, ഭൂ അധികാര സംരക്ഷണ സമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ പറഞ്ഞു.ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്നത് കളളക്കഥയാണ്. പ്രാചീനകാലം മുതല്‍ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ കൈകാര്യം ചെയ്തത് ആദിവാസി വിഭാഗങ്ങളായ മലയരയരും മലമ്പണ്ടാരങ്ങളുമാണ്. ഇവരാണ് പൂജകള്‍ ചെയ്തിരുന്നതെന്ന് ശബരിമലയുടെ ചരിത്രരേഖകളില്‍ പറയുന്നുണ്ട്.
അവ കണ്ടെത്താന്‍ ചരിത്രകാരന്മാരെയും ഗവേഷകരെയും പുരാവസ്താവകുപ്പിനെയും ഉള്‍പ്പെടുത്തി പഠനം നടത്തണം. ശബരിമല ക്ഷേത്രത്തില്‍ ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും യഥാര്‍ത്ഥ ഉടമകള്‍ക്കും ആദിവാസികളുടെ ഉന്നമനത്തിനും വേണ്ടി വിനിയോഗിക്കാനും ആവശ്യപ്പെടും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കടകംപളളി സുരേന്ദ്രനെയും ഉടനെ നേരില്‍ കാണാനും തീരുമാനമായി. ചടങ്ങില്‍ മുപ്പതോളം ആദിവാസി ദളിത് സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.ഭൂ അധികാര സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി എം കപിക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആദിജനസഭ കണ്‍വീനര്‍ സി.ജെ തങ്കച്ചന്‍, പി.ജെ തോമസ്, വി.ഡി ജോസ്, കെ.സി ചന്ദ്രശേഖരന്‍, ശിവപ്രസാദ് ഇരവിമംഗലം, പ്രഭാകരന്‍ കണ്ണാട്ട്, എം.ഐ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
എരുമേലിയിലേക്ക് ‘വില്ലുവണ്ടിയാത്ര’; ശബരിമലയുടെ അവകാശ പുനഃസ്ഥാപനത്തിന് സമരത്തിനൊരുങ്ങി ആദിവാസി സംഘടനകളുടെ പ്രഖ്യാപനം