കോട്ടയം: ഐ.പി.എസ് ചമഞ്ഞ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് വിവാഹം കഴിക്കുകയും ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതി പോലിസ് പിടിയിലായി. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനന്റെ മകള്‍ ആഷിത (24)യെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്. വിജിലന്‍സില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസറാണെന്ന് ധരിപ്പിച്ച് ഒന്നര വര്‍ഷമായി ആഷിത പാലക്കാട് വാടകയ്ക്ക് താമസിച്ചു കോടിക്കണക്കിനു രൂപയുടെ ജോലിതട്ടിപ്പു നടത്തി വരവേയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വിജിലന്‍സില്‍ ഇവരുടെ അസിസ്റ്റന്റായി നിയമനം നേടി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂര്‍ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചെത്തി വൈക്കം പോലീസില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. വെക്കം തലയാഴം സ്വദേശിയായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് അഖില്‍ കെ മനോഹറുമായി കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് അഷിതയുടെ വിവാഹ നടന്നിരുന്നു. ആഷിത പോലീസ് ഉദ്യോഗസ്ഥയെന്ന വിശ്വാസത്തിലായിരുന്നു വിവാഹം കഴിപ്പിച്ചു നല്‍കിയത്. വിവാഹ രജിസ്റ്ററില്‍ വിജിലന്‍സ് ഓഫീസര്‍ എന്ന് രേഖപ്പെടുത്തിയാണ് വിവാഹം ചെയ്തത്.
പൊള്ളാച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെന്ന് പറഞ്ഞ് പാലക്കാട്ടുനിന്ന് സ്ഥലംവിട്ട ആഷിത നാട്ടിലെത്തി വീടും സ്ഥലവും വിറ്റ് ആര്‍ഭാടപൂര്‍വം വിവാഹം നടത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അവധി തീര്‍ന്നതോടെ ഭര്‍ത്താവ് ജോലി സ്ഥലത്തേക്കുപോയി. അതിനിടേ മൂന്നുലക്ഷം രൂപ കൊടുത്ത ഒരുകൂട്ടര്‍ ആഷിതയെതേടിയെത്തി. തലയാഴത്ത് വിവാഹം നടത്തിയ വിവരമറിഞ്ഞെത്തിയ സംഘം ആഷിതയെ വൈക്കം ടൗണിലേക്ക് വിളിച്ചുവരുത്തി. വാങ്ങിയപണം തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് വാക്കുതര്‍ക്കമായി. വിവരമറിഞ്ഞെത്തിയ പോലീസ് ആഷിതയെയും സംഘത്തെയും ചോദ്യംചെയ്തു. സംഘത്തോടു വാങ്ങിയ തുകയ്ക്ക് തുല്യമായി സ്വര്‍ണാഭരണങ്ങള്‍ കൊടുത്ത് പ്രശ്നം തീര്‍ത്തു. യുവാവിന് നല്‍കാനുള്ള പണം തിരിച്ചു നല്കാന് ധാരണയായെങ്കിലും, എന്നാല്‍ വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പാലക്കാട്ടുള്ള ഒട്ടേറെപ്പേരില്‍നിന്ന് വിജിലന്‍സില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ ആഷിത വാങ്ങിയെന്ന് പോലീസ് പറഞ്ഞു. മാനക്കേട് ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്ന് എസ്ഐ എം.സാഹില്‍ അറിയിച്ചു.
ഭര്‍ത്താവ് അഖിലിന്റെ പിതാവിന്റെ പരാതി പ്രകാരം ആള്‍മാറാട്ടത്തിനും വിശ്വാസവഞ്ചനക്കും കേസെടുത്ത് വൈക്കം പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. വിവാഹ തട്ടിപ്പില്‍ അഷിതയുടെ മാതാപിതാക്കളും പ്രതിയാണ്. പലരില്‍ നിന്നായി അരകോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അഷിത വിവിധ സ്ഥലങ്ങളിലായി ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. പാലക്കാട് വീട് വാടകയ്ക്കെടുത്ത് താമസിച്ച് പലരുടെ കൈയില്‍നിന്നും പണം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടേ കോതമംഗലത്ത് കെഎസ്ആര്‍ടിസി ജോലിക്കാരനുമായി ഇവര്‍ക്ക് അവിഹിത ബന്ധവും പണമിടപാടും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.