കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേര്‍സ് കാസര്‍കോടിന്റെ പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ഓര്‍മ്മക്കായി സി.ഒ.എ ജില്ലാ കമ്മിറ്റിയും കാസര്‍കോട് ഗവ. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘ഒരു വട്ടം കൂടി’യും സ്‌കിന്നേര്‍സ് കാസര്‍കോടും സംയുക്തമായി ഏര്‍പ്പെടുത്തിയ രണ്ടാമത് മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് ജില്ലയിലെ മികച്ച പത്രപ്രവര്‍ത്തകനും ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുമാണ് ഇത്തവണ അവാര്‍ഡ് നല്‍കുന്നത്. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2018 മാര്‍ച്ച് ഒന്നുവരെയുള്ള കാലയളവില്‍ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ മലയാള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുകയോ ചെയ്ത ജല സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഫീച്ചറും ന്യൂസ് സ്റ്റോറിയുമാണ് അവാര്‍ഡിന് പരിഗണിക്കുക.
ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് പ്രത്യേക വിഷയമില്ല. പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് പത്രത്തിന്റെ രണ്ട് ഒറിജിനല്‍ കോപ്പിയും മൂന്ന് പകര്‍പ്പുകളും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വിഷ്വലും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം അയക്കണം. പുരസ്‌കാരങ്ങള്‍ എന്‍.എച്ച് അന്‍വറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒന്‍പതിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യും. എന്‍ട്രികള്‍ ഏപ്രില്‍ 30ന് മുമ്പായി എന്‍.എച്ച് അന്‍വര്‍ മീഡിയ അവാര്‍ഡ്, കെ.സി.എന്‍, സെഞ്ച്വറി പാര്‍ക്ക്, ന്യൂ ബസ് സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്. ഫോണ്‍: 9446530754.
എന്‍.എച്ച് അന്‍വര്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു