എന്‍ഡോസള്‍ഫാന്‍ രോഗിയായ അമ്മ പിടയുന്നത് കണ്ടുനില്‍ക്കാനായില്ല; 17 കാരനായ മകന്‍ മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

  • Post category:local news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍ രോഗിയായ അമ്മ പിടയുന്നത് കണ്ടുനില്‍ക്കാനായില്ല; 17 കാരനായ മകന്‍ മൊബൈല്‍ ടവറിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ രോഗിയായ അമ്മ കൈകാലിട്ടടിച്ച് പിടയുന്നത് കണ്ടുനില്‍ക്കാനുള്ള മനധൈരമുണ്ടായില്ല. സഹിക്കാനാവാതെ 17 കാരനായ മകന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി താഴേക്ക് ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമല പട്ടികജാതി കോളനിയിലെ മനോജ്(17)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. അമ്മ ലീല എന്‍ഡോസള്‍ഫാന്‍ തളിച്ചതുകാരണം അസുഖത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി കിടപ്പിലാണ്.
എന്‍ഡോസള്‍ഫാന്‍ മാരക വിഷത്തിന്റെ പാര്‍ശ്വഫലമായി ശരീരം തളരുകയായിരുന്നു. മാതാവിന്റെ അസുഖം വര്‍ധിച്ചുവരുന്നതു സംബന്ധിച്ച് കൂട്ടുകാരുമായി കാര്യം ചര്‍ച്ച ചെയ്തിരുന്നു. മാതാവില്ലാതെ തനിക്ക്് ജീവിക്കാനാവില്ലെന്നും സുഹൃത്തുക്കളോട് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രി പത്ത് മണിക്ക് അമ്മ കൈകാലിട്ടടിച്ച് പിടയുന്നത് കണ്ട് നില്‍ക്കാനായില്ല. മനോജ് സഹോദരന്‍ മാധവയുടെ കയ്യില്‍ തന്റെ മൊബൈല്‍ ഫോണ്‍ നല്‍കി പുറത്തേക്ക് ഓടുകയായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് 150 മീറ്ററോളം അകലെയുള്ള മൊബൈല്‍ കമ്പനിയുടെ ടവറില്‍ കയറി മനോജ് താഴേക്ക് ചാടുന്നത് കണ്ടത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ മരണവെപ്രാളം കാട്ടുകയാണെന്ന് കരുതി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നു മനോജ്. മാതാവ് ലീല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. പിതാവ്: സീതാരാമ. സഹോദരങ്ങള്‍: കസ്തൂരി, മമത, മാധവ, മധുസൂദന.

0Shares