
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞു കഴിഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂവെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
അതായത് വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ കേന്ദ്രത്തില്‍ നിന്നും അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. രാജ്യത്ത് ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 2019 ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും എന്ന സൂചനകളാണ് ബി.ജെ.പി നേതാക്കളായ അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നല്‍കുന്നത്.

സാഹചര്യങ്ങള്‍ ഇങ്ങിനെയാകവേ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പൊതുബാധ്യതയാണ്. ഇതിനായി വിശാല മതേതര കൂട്ടായ്മ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സഖ്യം രാജ്യത്ത് പൊതുവേ രൂപപ്പെട്ടില്ല. പക്ഷേ പല സംസ്ഥാനങ്ങളിലും അത്തരം സഖ്യങ്ങള്‍ രൂപപ്പെട്ട സംഭവങ്ങളുമുണ്ട്.
കേരളത്തിലെ പ്രധാന മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ഇരു കൂട്ടരും എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നാഗ്രഹിക്കുന്ന കക്ഷികളാണ്. കേരളത്തില്‍ എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല. അവര്‍ക്ക് നിലവില്‍ ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍.ഡി.എയെ പുറത്താക്കാന്‍ തക്ക ശേഷി അവര്‍ക്കില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നു.
