എന്താണ് നിപാ വൈറസ്? വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിക്കരുത്; രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കണം

  • Post category:news
  • Reading time:3 mins read
You are currently viewing എന്താണ് നിപാ വൈറസ്? വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിക്കരുത്; രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കണം


കോഴിക്കോട്: നിപാ വൈറസ് ബാധമൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. അപ്പോഴും പലര്‍ക്കും എന്താണ് ഈ വൈറസ് എന്നതിനേകുറിച്ച് ബോധവാന്മാരല്ല. മുന്‍കൂട്ടി രോഗബാധ എന്തന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കാനും മുന്‍കരുതല്‍ ചെയ്യാനും വൈകിയതാണ് മരണ സംഖ്യവര്‍ധിക്കാന്‍ കാരണമായത്. മലേഷ്യയിലാണ് ആദ്യം ഈ രോഗം ആദ്യം റിപോര്‍ട്ട് ചെയ്തത്. 2001 ജനുവരിയില്‍ ഇന്ത്യയിലെ സിലിഗുരിയില്‍ റിപ്പോര്‍ട്ട് ചെയ്ത 66 കേസുകളില്‍ 74ശമാനം പേര്‍ മരിച്ചിരുന്നു.സംസ്ഥാനത്ത് ഇത്തരത്തിലൊരു പനി ഇത് ആദ്യമായാണ് റിപോര്‍ട്ട് ചെയ്യുന്നത്. 2001 ന് ശേഷമുള്ള കണക്കനുസരിച്ച് 150 ലേറെ പേരാണ് ബംഗ്ലാദേശിലും സമീപ സ്ഥലങ്ങളിലും മരിച്ചത്. 1997-ല്‍ മലേഷ്യന്‍ കാടുകളില്‍ ഉണ്ടായ വരള്‍ച്ചയുടെ ഫലമായി പക്ഷികളും മൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങിയിരുന്നു. ഇക്കൂട്ടത്തില്‍ ധാരാളം വവ്വാലുകളും ഉണ്ടായിരുന്നു. ആദ്യം അതാരും കാര്യമായെടുത്തില്ല. വൈകാതെ അവിടുത്തെ പന്നി ഫാമുകളില്‍ ഒരു തരം പനി പടര്‍ന്ന് ധാരാളം പന്നികള്‍ ചത്തൊടുങ്ങി. എന്നാല്‍ പന്നികളെ മാത്രമല്ല, പന്നി ഫാമില്‍
ജോലി ചെയ്തിരുന്ന ആളുകളിലേക്കും ഈ പനി പടര്‍ന്നു. ഇരുന്നൂറോളം പേര്‍ക്ക് പനി ബാധിക്കുകയും അതില്‍ നൂറോളം പേര്‍ മരിക്കുകയും ചെയ്തു. പ്രാരംഭഘട്ടത്തില്‍ ജപ്പാന്‍ജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികള്‍ ശരിയായ രീതിയില്‍ സ്വീകരിക്കാന്‍ മലേഷ്യക്കായില്ല. ജപ്പാന്‍ ജ്വരത്തിന് കാരണമായ ക്യൂലക്‌സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികള്‍ ആയിരുന്നു ആദ്യം കൈക്കൊണ്ടത്. എന്നാല്‍ പിന്നീട് മലേഷ്യന്‍ ബാറ്റ്‌സ് എന്നറിയപ്പെടുന്ന വവാലുകളില്‍ നിന്നാണ് മനുഷ്യന് ഇത് പകര്‍ന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചു. ഈ വവ്വാലുകളില്‍ നിന്ന് ഒരു തരം വൈറസ് മനുഷ്യനിലേക്ക് പകരുകയാണ് ചെയ്യുന്നത്. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഈ വൈറസ്. Kampung Baru Sungai Nipah എന്ന രോഗിയില്‍ നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്- നിപ്പാ വൈറസ്. പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമായ ആര്‍എന്‍എ വൈറസ് ആണിത്. അതിനു ശേഷം ലോകത്തിന്റെ പലഭാഗത്തും ഇത്തരത്തിലുള്ള പനി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബംഗ്ലാദേശിലാണ്.

രോഗലക്ഷണം

പനി ബാധിച്ച് രണ്ട് ദിവസം കൊണ്ട് തന്നെ അബോധാവസ്ഥയിലാവുകയും വൈകാതെ മരണപ്പെടുകയും ചെയ്യും എന്നതാണ് ഈ വൈറസ് പനിബാധയുടെ പ്രത്യേകത. അതിനാല്‍ തന്നെ ചികിത്സയ്ക്കയി വളരെകുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല, ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. വൈറസ് ബാധയുണ്ടായാല്‍, അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും
മുന്‍ കരുതല്‍

വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക, വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക. ഇതിന് പുറമേ ആശുപത്രികളും മറ്റും ആവശ്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. മൃതദേഹസമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്, മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ അണു നശീകരണം നടത്തുക.രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് പ്രവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോളും കയ്യുറകളും മാസ്‌കും ധരിക്കുക. സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

0Shares