എം.കെ രാഘവനെതിരെ ഒളി ക്യാമറാ ദൃശ്യങ്ങള്‍; ശാസ്ത്രീയ പരിശോധന വേണമെന്ന് ഡി.ജി.പി; സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing എം.കെ രാഘവനെതിരെ ഒളി ക്യാമറാ ദൃശ്യങ്ങള്‍; ശാസ്ത്രീയ പരിശോധന വേണമെന്ന് ഡി.ജി.പി;  സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ചാനല്‍ പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങളെക്കുറിച്ചും അഴിമതി ആരോപണത്തെക്കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കി. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന വേണമെന്ന് ഡി.ജി.പി അഭിപ്രായപ്പെട്ടു.

വീഡിയോയിലുള്ള ശബ്ദം എം .കെ രാഘവന്റേതു തന്നെയാണെന്ന് ഉറപ്പാക്കാന്‍ സാങ്കേതിക പരിശോധനക്കൊപ്പം ഫൊറന്‍സിക് പരിശോധനയും ആവശ്യമാണ് . പല രീതികളിലും ദൃശ്യ, ശബ്ദ തെളിവുകള്‍ എന്ന് അവകാശപ്പെടുന്നവയില്‍ കൃത്രിമങ്ങള്‍ നടക്കുന്നതിനാല്‍ വിശദമായി പരിശോധിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാവുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം, തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും എം. കെ രാഘവന്‍ പറഞ്ഞിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കുകയും ചെയ്തു. ചാനലിനെതിരെ പോലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, എം.കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എൽ.ഡി.എഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡി.വൈ.എഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി .എ മുഹമ്മദ് റിയാസ് പരാതി നൽകി. എം. കെ രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്‍റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

0Shares