എം.കെ രാഘവനെതിരായ കോഴയാരോപണം; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; പിന്നില്‍ സി.പി.എം എന്ന് രാഘവന്‍

  • Post category:news
  • Reading time:1 min read
You are currently viewing എം.കെ രാഘവനെതിരായ കോഴയാരോപണം;  ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; പിന്നില്‍ സി.പി.എം എന്ന് രാഘവന്‍

കോഴിക്കോട്: കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ എം.കെ രാഘവന്‍ അനധികൃത ഭൂമിയിടപാടിന് അഞ്ചുകോടി കോഴ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. സംഭവം ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. കോഴയാരോപണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന്‍ എം.കെ രാഘവനും ആരോപിച്ചു. രാഘവന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി ഒറ്റക്കെട്ടായി രാഘവനൊടൊപ്പം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ സി.പി.എമ്മും സര്‍ക്കാരുമാണെന്ന് സംശയിക്കുന്നു. കോഴിക്കോടുള്ള പ്രബുദ്ധരായ ജനങ്ങളെ കബളിപ്പിക്കാമെന്ന് സി.പി.എം കരുതേണ്ടെന്നും ഈ കേസ് അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഈ ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.പി.എം തന്നെയാണ് കോഴ ആരോപണത്തിനു പിന്നിലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. ചാനലിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും രാഘവന്‍റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്‍റെ ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടിയും അറിയിച്ചു.

കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സംഘത്തോട് എം. കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് ആരോപിക്കുന്ന വീഡിയോ ദേശീയ വാര്‍ത്താചാനലായ ടി.വി 9 ഭാരത് വര്‍ഷ് ആണ് ഇന്നലെ പുറത്തുവിട്ടത്. സ്ഥലം വാങ്ങാന്‍ സഹായമാവശ്യപ്പെട്ട് രാഘവന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അഞ്ച് കോടി രൂപ കമ്മീഷനായി വാഗ്ദാനം ചെയ്തു. ഇത് കറന്‍സിയായി ഡല്‍ഹിയിലെ തന്‍റെ സെക്രട്ടറിയെ ഏല്‍പിക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.

0Shares