
കാസര്‍കോട്: ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ വൈറലാകുന്നു. എം.എല്‍.എ വീട്ടിലെ പശുവിനെ പുല്ലുതീറ്റിക്കുന്ന ഫോട്ടോ ഫേയ്‌സ്ബുക്കിലിട്ടു കളിക്കുന്നു, ജനം റോഡിലിറങ്ങി മീന്‍ പിടിക്കേണ്ട അവസ്ഥ, പള്ളത്തൂര്‍ പാലം വാഗാനം നല്‍കി എം.എല്‍.എയും സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുന്നു.. തുടങ്ങി പരിഹാസ ശരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. അതിന് കാരണമായത് കേരള കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പള്ളത്തൂര്‍ പാലത്തിന്റെ ദുരവസ്ഥയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കൈവരിയില്ലാത്ത ഈപാലത്തില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ പുഴയില്‍ വീണിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പുതിയപാലം വേണമെന്ന കാര്യം വീണ്ടും ഉന്നയിക്കാന്‍ തുടങ്ങിയത്. ദേലംപാടി പഞ്ചായത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളത്തൂര്‍ പാലം വീണ്ടുമൊരു ദുരന്തത്തിനായി കാത്തിരിപ്പിലാണ്.
സംസ്ഥാന സര്‍ക്കാര്‍ 10 കോടിരൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചുവെങ്കിലും തുടര്‍ നടപടികള്‍ നിയമ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി നിശ്ചലമായിരിക്കുകയാണ്. എം.എല്‍.എ യുടെ പിടിപ്പ് കേടാണ് പണം ലഭിച്ചിട്ടും നിര്‍മാണം തുടങ്ങാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. ദേലംപാടി പഞ്ചായത്തിലെ മയ്യള, ദേലംപാടി, ഊജംപാടി തുടങ്ങിയ പ്രദേശത്തേക്കും, കര്‍ണാടകയുടെ ഭാഗമായ ഈശ്വരമംഗലം, പുത്തൂര്‍, മംഗളൂരു എന്നിവിടങ്ങളിലേക്കും നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ പാലത്തിലൂടെ കടന്നു പോകുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒരു മഴക്കാലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടതോടെ ഭീതിയോട് കൂടിയാണ് മഴക്കാലം തുടങ്ങിയതോടെ കൈവരിയില്ലാത്ത പാലത്തിനു മുകളിലൂടെ നാട്ടുകാര്‍ കടന്നു പോകുന്നത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എന്ത് നിയമ തടസ്സമുണ്ടെങ്കിലും സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
