
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിവിധ മുന്നണികളിലെ സ്ഥാനാർത്ഥികള്‍ എല്ലാംതന്നെ ഉറച്ച വിജയ പ്രതീക്ഷയിലാണ്. വിജയം സുനിശ്ചിതമാണെന്നും സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും മഞ്ചേശ്വരത്തെ ഇടത് സ്ഥാനർത്ഥി ശങ്കർ റൈ പറഞ്ഞു. പുതിഗൈ അടിമുഗൾ സ്കൂളിലെ ബൂത്തിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായി തുടരുന്ന മഴ വോട്ടെടുപ്പിനെ ബാധിക്കില്ലെന്നും ഉറച്ച വിജയ പ്രതീക്ഷയിലാണെന്നും എറണാകുളത്തെ ഇടത് സ്ഥാനാർത്ഥി മനു റോയ് പറഞ്ഞു. കടവന്ത്ര സെന്റ് ജോസഫ് സ്കൂളിലാണ് മനു വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ, രാവിലെ പതിവു പോലെ വോട്ടർമാരെത്തുന്നില്ലല്ലോ എന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ബൂത്തുകളിൽ പോലും ആളുകൾ ഇല്ല എന്നായിരുന്നു മനുവിന്റെ പ്രതികരണം.

എറണാകുളത്തെ വെള്ളക്കെട്ട് ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ പറഞ്ഞു. ഇടത്- വലത് ഭരണത്തിന്റെ സൃഷ്ടിയാണ് എറണാകുളത്തെ വെള്ളക്കെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കത്രിക്കടവ് സെന്റ് ജോക്കിംസ് സ്കൂളിലാണ് രാജഗോപാൽ വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും പ്രവർത്തനങ്ങളുടെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് മാറുമെന്ന് വട്ടിയൂർകാവിലെ ഇടത് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് പറഞ്ഞു. 12,000-15,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം
വട്ടിയൂര്‍കാവ്-3.96
കോന്നി- 5.37
അരൂര്‍ – 5.48
എറണാകുളം – 2.37
മഞ്ചേശ്വരം – 5.20
