
ലെയ്‌സ് ചിപ്‌സിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്ത ഒമ്പത് കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോ. ഓരോ കര്‍ഷകരും 1.05 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചു. നാളെയാണ് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കുന്നത്.

എഫ്എല്‍ 2027 എന്ന പ്രത്യേക സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്‍റെ അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് 2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് പെപ്‌സി പറയുന്നത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്നാണ് അവര്‍ പറയുന്നത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്.
കമ്പനിയുടെ അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അത് നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനടപടി സ്വീകരിച്ചത്. ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മൂന്ന് കര്‍ഷകര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മറ്റ് വിളകളുടെ മേലും കോര്‍പ്പറേറ്റ് കമ്പനികള്‍ അവകാശം സ്ഥാപിക്കുന്നതിന്‍റെ ആദ്യ പടിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
