ചെറുപുഴ: ഉറ്റ ചങ്ങാതിമാരായ യുവാക്കളുടെ ദുരന്തം നാടിനു നൊമ്പരമായി. കരിയക്കരയിലെ ടോണി, കാക്കയംചാലിലെ അഭിഷേക് എന്നിവരുടെ ദുരന്തമാണു നാടിനെ നടുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം മച്ചിയില്‍ വച്ചാണ് ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു അപകടം നടന്നത്. തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ് ടു പാസായ ഇരുവരും ഉന്നത പഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. ടോണിയാണു ബൈക്ക് ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ രണ്ടു കൂട്ടുകാര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ ടോണിയും അഭിഷേകും യാത്രചെയ്തിരുന്ന ബൈക്കിനു മുന്‍പിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പെട്ട ഇരുവരേയും ഓടിക്കൂടിയ നാട്ടുകാര്‍ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൂട്ടുകാര്‍ സങ്കടം താങ്ങാനാവാതെ നിലവിളിക്കുന്നുണ്ടായിരുന്നു. ഇവരുടെ നിലവിളി കണ്ടു നിന്നവരേയും ദുഖത്തിലാക്കി.
ദുരന്തം അറിഞ്ഞതോടെ നൂറുകണക്കിനാളുകളാണു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ടോണി സി.എ ക്ക് പഠിക്കാന്‍ ചേര്‍ന്നിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ സംസ്‌കാരം നടത്തും. അഴകത്ത് ചാക്കോ മേഴ്‌സി ദമ്പതികളുടെ മകനാണ് ടോണി. ടീന, ടിന്റു എന്നിവര്‍ സഹോദരിമാരാണ്. കേഴപ്ലാക്കല്‍ സജി പരേതയായ ലൂസി ദമ്പതികളുടെ മകനാണ് അഭിഷേക്. അഭിജിത്ത്, ആഗ്നസ് എന്നിവര്‍ സഹോദരങ്ങളാണ്.
