അബൂദാബി: സഹകരണത്തിലൂടെയും സൗഹൃദത്തിലൂടെയും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനയെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് സംസാരിച്ചു. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ തങ്ങളുടെ പ്രതിബദ്ധത ഇരുവരും ഊന്നിപ്പറഞ്ഞു. തീവ്രവാദത്തിനും രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയായ ഭീകരസംഘങ്ങള്‍ക്കും എതിരായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. തീവ്രവാദത്തിനും ഭീകരവാദത്തിനും മതമില്ലെന്നും അക്രമവും നാശവും വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തെ മറച്ചുപിടിക്കാനാണ് ഭീകരവാദി സംഘങ്ങള്‍ വ്യാജ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നതെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കുറ്റപ്പെടുത്തി.

മേഖലയിലെ നിലവിലെ വെല്ലുവിളികളില്‍ യു.എ.ഇയുടെ കാഴ്ചപ്പാട് അദ്ദേഹം ട്രംപിനെ അറിയിച്ചു. മേഖലയിലെ അക്രമത്തിന്റെയും അസ്ഥിരതയുടെയും സാഹചര്യങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാനാണ് യൂ.എ.ഇയുടെ താല്‍പര്യം. ഇതുവഴി പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും സമാധാനവും സുസ്ഥിരതയും കൈവരികയും സുരക്ഷിതത്വം പുനസ്ഥാപിക്കുകയും ചെയ്യാന്‍ സാധിക്കുമെന്നാണ് ശൈഖിന്റെ വാദം.