

കോഴിക്കോട്: എക്‌സൈസ് വകുപ്പില്‍ ലൈംഗീക പീഡനം വര്‍ധിക്കുന്നുതായി ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരുന്നു. തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നുകാട്ടി എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ എക്സൈസ് മന്ത്രിക്ക് പരാതി നല്‍കി. എക്സൈസ് മന്ത്രിക്ക് പുറമെ മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കാണ് വനിതാ കമ്മീഷന്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് തേടി. എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാനാണ് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുഴുക്കളെപ്പോലെയാണ് തങ്ങളോട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നു കാണിച്ച് ഒരുകൂട്ടം ജീവനക്കാരാണ് രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ റെയ്ഞ്ച് ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലയിടത്തും ജോലി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പമാണ് ജോലി ചെയ്യേണ്ടി വരുന്നത്. ആവശ്യമുണ്ടെങ്കിലും അല്ലാത്തപ്പോഴും രാത്രി പലപ്പോഴും വിളിച്ചു വരുത്തുന്നു, എന്നാല്‍ ജോലി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ സമ്മതിക്കാറില്ല.
ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുമെന്ന ഭയം കൊണ്ടാണ് പേരുപറയാന്‍ മടിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം വ്യാജ പരാതിയാണെന്നോ ഭ്രാന്തന്‍ ചിന്തയാണെന്നോ കരുതി മുഴുവന്‍ വായിക്കാതെ തള്ളിക്കളയരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്. സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നത്. അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമാണ് സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിയുന്നത് എന്നും പരാതിയില്‍ ആരോപിക്കുന്നു. ഇത് സ്ഥാപിക്കാന്‍ കൊല്ലത്തെ ഒരു സംഭവവും വിശദീകരിക്കുന്നുണ്ട്. സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യണമെങ്കില്‍ അസോസിയേഷന്‍ ഭാരവാഹികളേയോ മേലുദ്യോഗസ്ഥരേയോ തൃപ്തിപ്പെടുത്തേണ്ട ഗതികേടിലാണെന്നും പരാതിപ്പെടുന്നു. വനിതാ ഓഫീസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഒരു വനിത തന്നെയാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 2014 മുതലാണ് എക്‌സൈസ് വകുപ്പില്‍ സ്ത്രീകളെ നിയമിച്ചു തുടങ്ങിയത്. ഇതുവരെ മൂന്നു ബാച്ചുകളിലാണ് സ്ത്രീകളെ നിയമിച്ചത്. അവസാന ബാച്ച് ഇപ്പോള്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി വരികയാണ്.