ചെന്നൈ: ഉദുമല്‍ പേട്ടയിലെ ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ. മുഖ്യപ്രതി ജഗദീഷുമടക്കമുള്ളവര്‍ക്കാണ് വധശിക്ഷ. ഒരാള്‍ക്ക് ഇരട്ട ജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കൗസല്യയുടെ ഭര്‍ത്താവായ ദലിത് യുവാവ് ശങ്കറാണ് കൊല്ലപ്പെട്ടത്.
തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെ മാര്‍ച്ച് 13 നാണു ഉദുമല്‍പേട്ട നഗരമധ്യത്തില്‍ വച്ചു ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്. തേവര്‍ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാര്‍) സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തിനു കാരണമായത്. കൗസല്യയുടെ മാതാപിതാക്കള്‍ വിവാഹം നടന്നത് അറിഞ്ഞ ഉടന്‍ തന്നെ കൗസല്യയെ, പഠനം നിര്‍ത്തലാക്കി വീട്ടില്‍ തിരികെയെത്തിച്ചു. എന്നാല്‍ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടര്‍ന്നു ശങ്കറിനോടൊപ്പം താമസിക്കാന്‍ ശങ്കറിന്റെ വീട്ടുകാര്‍ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്നുണ്ടായ ദുരഭിമാന പ്രശ്നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.
ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ