
ബെയ്ജിങ്: അധികാരമേറ്റശേഷം ആദ്യമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈനയില്‍ അതീവരഹസ്യമായാണ് കിം എത്തിയതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ഡാങ്‌ഡോങ്ങിലൂടെ പ്രത്യേക ട്രെയിനില്‍ കിം ജോങ് ഉന്നോ മുതിര്‍ന്ന ഉദ്യോഗസ്ഥനോ ചൈനയിലെത്തുമെന്ന് ജപ്പാന്‍റെ ക്യോഡോ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ട്രെയിന്‍ എത്തുന്ന ദൃശ്യങ്ങള്‍ നിപ്പോണ്‍ ടി.വി തല്‍സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് സന്ദര്‍ശനമെന്നാണ് സൂചന. ഉത്തര കൊറിയയെ പിന്തുണയ്ക്കുന്നതിന് യു.എസില്‍ നിന്നടക്കം ചൈനയ്ക്ക് ഉപരോധങ്ങള്‍ നേരിടേണ്ടി വരുന്നതിനിടയിലെ ഈ സന്ദര്‍ശന വിവരം ദക്ഷിണ കൊറിയ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 2011 ല്‍ മരിക്കുന്നതിന് മുമ്പ് കിമ്മിന്‍റെ പിതാവ് കിം ജോങ് രണ്ടാമന്‍ ചൈന സന്ദര്‍ശനം നടത്തിയതിന് സമാനമായ ട്രെയിന്‍ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് നിപ്പോണ്‍ ന്യൂസ് പുറത്തുവിട്ടത്. മുതിര്‍ന്ന ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിക്കുന്നതിന്‍റെ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
