
കോഴിക്കോട്: കേരളം തനിക്ക് ബനാറസ് പോലെയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോഡി കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ ഗാന്ധി വയനാട് മണ്ഡല പര്യടനത്തിനിടെ പറഞ്ഞു.

ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്നേഹം പ്രധാനമന്ത്രി കേരളത്തോട് കാണിക്കില്ല. സി.പി.എമ്മും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വയനാട് മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാര്‍ക്കുവേണ്ടിയും എം.പിയെന്ന നിലയില്‍ തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മൂന്നു ദിവസമായി മണ്ഡലത്തില്‍ തുടരുന്ന രാഹുലിന്റെ പര്യടനം ഇന്ന് അവസാനിച്ചു. വൈകിട്ട് കരിപ്പൂരില്‍നിന്ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
