
കാസർകോട്: ബേക്കല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പ്രദേശത്തെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളെകുറിച്ച് പഠിക്കാന്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം സ്റ്റഡീസിലെ എം.ബി.എ. ടൂറിസം വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ വിവിധ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

തദ്ദേശീയര്‍ ടൂറിസത്തില്‍ നിന്നും വരുമാനമുണ്ടാക്കുന്ന കുട്ടമടയല്‍, മണ്‍പാത്ര നിര്‍മ്മാണം, കള്ള് ചെത്ത്, നെല്ല് കുത്തല്‍ എന്നിവ കണ്ടു മനസ്സിലാക്കി ഇവര്‍. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന അമ്പതോളം പേര്‍ വരുന്ന സംഘം പനയാല്‍ ഗ്രാമത്തിലെ വെളുത്തോളി, കുന്നൂച്ചി എന്നിവിടങ്ങളിലെ ഉത്തരവാദിത്ത ടൂറിസം സംരഭകരുടെ വീടുകളിലുണ്ടാക്കിയ ഗ്രാമീണ ഭക്ഷണവും ആസ്വദിച്ചു.
ബേക്കലിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ബേക്കല്‍ ഡെസ്റ്റിനേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ധന്യ, കേന്ദ്ര സര്‍വ്വകലാശാല ടൂറിസം വകുപ്പ് മേധാവി ഡോ. സിബി ജോര്‍ജ്, അധ്യാപകരായ മുഹമ്മദ് അഷറഫ്, നഗരാജ ശര്‍മ്മ, എന്നിവര്‍ നേതൃത്വം നല്‍കി.
