തൃക്കരിപ്പൂര്‍: നിരാലംബരുടെ ‘അന്തിയുറങ്ങാനൊരു വീടെന്ന’ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി ഉടുമ്പുന്തല ശാഖ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തില്‍ 10 ഭവനങ്ങളടങ്ങിയ ബൈത്തു റഹ്മ വില്ലേജിലെ ആദ്യ നാല് ഭവനങ്ങളുടെ കട്ടില വെക്കല്‍ കര്‍മം നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി കട്ടില വെക്കല്‍ കര്‍മ ചടങ്ങ് നിര്‍വഹിച്ചു. ബൈത്തു റഹ്മ വില്ലേജ് കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, മണ്ഡലം ജന. സെക്രട്ടറി അഡ്വ. എം.ടി.പി കരീം, ഖത്തീബ് അബ്ദുറസാഖ് ഫൈസി, എം അബ്ദുള്ള ഹാജി, വി.ടി ശാഹുല്‍ ഹമീദ്, അബ്ദുറസാഖ് പുനത്തില്‍, എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, സി കെ പി അഹമദ് കുഞ്ഞി ഹാജി, അസീസ് കൂലേരി, ഫായിസ് ബീരിച്ചേരി, ഒ.ടി അഹ്മദ് ഹാജി, ഏ.ജി മജീദ്, ടി.കെ അബ്ദുല്‍ ഖാദര്‍, പി.എം അബ്ദുള്ള ഹാജി, കെ.പി അബ്ദുസ്സമദ് ഹാജി, വി.കെ.പി മുഹമ്മദ് കുഞ്ഞി, കെ പി മുഹമ്മദ് തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു. ചടങ്ങിനെത്തിയ നിറഞ്ഞ ജനാവലി ശ്രദ്ധേയമായി. ശാഖ ലീഗ് കമ്മിറ്റി സ്വന്തമായി വിലക്ക് വാങ്ങിയ 40 സെന്റ് ഭൂമിയിലാണ് അശരണരുടെ പ്രതീക്ഷയായി പത്ത് മനോഹരമായ കാരുണ്യ ഭവനങ്ങള്‍ ഉയരുന്നത്.
ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത തികച്ചും അര്‍ഹതപ്പെട്ടവര്‍ക്കാണ് ഭവനങ്ങള്‍ കൈമാറുന്നത്. 850 സ്‌ക്വയര്‍ ഫീറ്റില്‍ എല്ലാ വിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വില്ലേജിലെ മുഴുവന്‍ ഭവനങ്ങളിലും കുടിവെള്ള സജ്ജീകരണങ്ങളും റോഡ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ഉദാരമതികളുടെയും നാട്ടിലും വിദേശത്തുമുള്ളവരുടെയും സഹായം കൊണ്ടാണ് പാവപ്പെട്ടവരുടെ ‘ഒരു വീടെന്ന പ്രതീക്ഷയ്ക്ക്’ ചിറക് മുളപ്പിക്കാന്‍ ശാഖ ലീഗ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വി.കെ ബാവ, വി.ടി ശാഹുല്‍ ഹമീദ്, എം അബ്ദുള്ള ഹാജി, പുനത്തില്‍ അബ്ദുറസാഖ് മാസ്റ്റര്‍, ശാഖ ലീഗ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് ഈ സ്വപ്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ നിറഞ്ഞ പിന്തുണയുമായി ദുബൈ, അബൂദാബി, സൗദി അറേബ്യ, മലേഷ്യ, കുവൈത്ത്, മസ്‌കറ്റ് എന്നിവിടങ്ങളിലെ കര്‍മ്മോല്‍സുകരായ നാട്ടിലെ പ്രവാസികളുടെ ശക്തമായ ശാഖ കമ്മിറ്റികളും കര്‍മ്മ നിരതരാണ്.
ഉടുമ്പുന്തല ശാഖ മുസ്ലിം ലീഗിൻ്റെ ബൈത്തു റഹ്മ വില്ലേജ്; ആദ്യ നാല് കാരുണ്യ ഭവനങ്ങളുടെ കട്ടില വെക്കല്‍ നടന്നു