ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചുചാട്ടം: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചുചാട്ടം: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാര്‍ഷിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍. എരിക്കുളം പച്ചക്കറി ക്ലസ്റ്ററിന്‍റെയും എരിക്കുളം ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രം നവീകരണ ബ്രഹ്മകലശ ആഘോഷ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടെ നടപ്പിലാക്കിയ എരിക്കുളം വയലിലെ വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയെന്നത് ഈ സര്‍ക്കാര്‍ ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുകയെണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ കര്‍ഷക കൂട്ടായ്മകള്‍ വഴി പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിലൂടെ കാര്‍ഷീക മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ സാധിച്ചു.

കണ്ണെത്താദൂരത്തോളം പച്ചക്കറികള്‍ വിളഞ്ഞ് നില്‍ക്കുന്ന എരിക്കുളം വയലില്‍ ഉത്സവ ലഹരിയില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ഒി.എസ് സുനില്‍കുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. മത്തന്‍ വിളവെടുത്ത് കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നടത്തി നടത്തിയത്. 36 ഏക്കര്‍ വയലില്‍ നെല്ല്കൃഷിക്ക് ശേഷം പച്ചക്കറിയാണ് ചെയ്തുവരുന്നത്,വിവിധയിനം പച്ചക്കറികളായ മത്തന്‍, പച്ചമുളക്, വെള്ളരി, പയര്‍,കുമ്പളം, വഴുതിന, പാവല്‍, നരമ്പന്‍,പാവല്‍ എന്നിവ ഇവിടെ സുലഭമാണ്.കഴിഞ്ഞ വര്‍ഷം 150 ലക്ഷം ടണ്‍ പച്ചക്കറി വിളവെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. എരിക്കുളം പച്ചക്കറി ക്ലസ്റ്ററിന്‍റെ പ്രവര്‍ത്തന മികവിനുള്ള അംഗീകരമായി 2014-15 ലും 2016-17ലും ജില്ലയിലെ മികച്ച ക്ലസ്റ്ററിനുള്ള അവാര്‍ഡും 2017-2018 ല്‍ സംസ്ഥാനത്തെ മികച്ച ക്ലസ്റ്ററിനുള്ള മൂന്നാം സ്ഥാനവും ഇവര്‍ കരസ്ഥമാക്കിയിരുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു.കൃഷി ഓഫീസര്‍ എസ് അഞ്ജു പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രമീള,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കുഞ്ഞമ്പു,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. ദാമോദരന്‍, ഇ. കെ കുഞ്ഞികൃഷ്ണന്‍, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിനിമോള്‍ കെ,കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍മാരായ ആര്‍. വീണാറാണി,ജോണ്‍ ജോസഫ്,മുന്‍ പി.എ.ഒ മധു ജോര്‍ജ്ജ് മത്തായി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. രാജന്‍, പി. കുഞ്ഞികൃഷ്ണന്‍ ബങ്കളം,എന്‍. കെ കൃഷ്ണന്‍,കെ. ശാര്‍ങാധരന്‍,വി. പി നാരായണന്‍,പി. കൃഷ്ണന്‍, പി. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരന്‍ സ്വാഗതവും എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍ കണ്‍വീനര്‍ എം. വി വിനോദ് നന്ദിയും പറഞ്ഞു.

0Shares