ഈ ഐ.എ.എസ്‌കാരന്‍ കേരളത്തിന് മാതൃകയും അഭിമാനവും.

  • Post category:news
  • Reading time:2 mins read
You are currently viewing ഈ ഐ.എ.എസ്‌കാരന്‍ കേരളത്തിന് മാതൃകയും അഭിമാനവും.

എഡിറ്റോറിയല്‍: ഇടുക്കി ജില്ലയില്‍ മൂന്നാറിലെ ഭൂമി കയ്യേറ്റം ദേശീയ തലത്തില്‍ ശ്രദ്ധനേടുകയാണ്. അനധികൃതഭൂമി തിരിച്ചു പിടിക്കാനുള്ള ഭംഗീരഥ ശ്രമം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ കേരളത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി അത് മാറുക തന്നെ ചെയ്യും. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് 2007ല്‍ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ഒരു വലിയ ശ്രമം നടന്നിരുന്നു. 16,000 ഏക്കര്‍ സ്ഥലമാണ് അന്ന് തിരിച്ചു പിടിക്കാന്‍ സാധിച്ചത്. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയപ്പോള്‍ ഒരു തുണ്ടു ഭൂമി പോലും സര്‍ക്കാറിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞതുമില്ല; ഒരു അനധികൃത കെട്ടിടവും പൊളിക്കാനും സാധിച്ചിട്ടില്ല. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കൊടുംക്രിമിനലുകളാണ്. ഈ ക്രിമിനല്‍ സംഘത്തെ ചെറുത്തു തോല്‍പ്പിക്കാനോ, ഇല്ലായ്മ ചെയ്യാനോ ഭരണകൂടത്തിന് സാധിച്ചിട്ടില്ല എന്നതാണ് പരമാര്‍ഥം. നിയമ നിര്‍മ്മാണത്തിനും പരിഷ്‌കരണത്തിനും ജനങ്ങള്‍ തിരഞ്ഞെടുത്ത് വിടുന്ന ജനപ്രതിനിധികള്‍ തന്നെയാണ് മൂന്നാറില്‍ കാലാകാലങ്ങളായി നിയമ ലംഘകര്‍ക്ക് കൂട്ട് നില്‍ക്കുന്നത്!. കയ്യേറ്റക്കാര്‍ക്ക് ഓശാന പാടുന്ന രാഷ്ട്രീയക്കാരാണ് മൂന്നാര്‍ വിഷയത്തെ ഇത്രയും വഷളാക്കിയത് എന്നുള്ളകാര്യം കേരളീയ സമൂഹം എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. റവന്യു വകുപ്പ് കയ്യാളുന്ന മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇച്ഛാശക്തിയും സുദൃഢമായ രാഷ്ട്രീയ നിലപാടുമാണ് ഇപ്പോള്‍ മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കാരണമായത്. ദേവീകുളത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാന്‍ എത്തിയ സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തടയുകയും വെല്ലുവിളിക്കുകയും ചെയ്ത സംഭവം ഇടതു മുന്നണി സര്‍ക്കാറിന്റെ മുഖത്തേറ്റ കളങ്കമാണ്.

 
സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ ഗുണ്ടായിസത്തില്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു ജ്വലിച്ചു നിന്നത്. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും കാവലാളായി വര്‍ത്തിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിടരാമനെന്ന ധീരനായ ഐ.എ.എസുകാരന്‍ ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാര്‍ക്കും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും കണ്ണിലെ കരടാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ നിയമത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്ന ചെറുപ്പക്കാരനായ ഈ സബ് കളക്ടര്‍ സ്വന്തം ജീവനെപോലും തൃണവല്‍ഗണിച്ചു കൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ സധൈര്യം മുന്നോട്ടു വന്നത്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് എതിര്‍പ്പുകളെ തട്ടിത്തെറിപ്പിച്ച് നീതി നടപ്പിലാക്കാന്‍ സാധിക്കാതെ പോയി. ന്യായാധിപ പദവി കൂടിയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ ആ സബ് കളക്ടറെ പിന്തുണയ്ക്കാന്‍ പോലീസ് പോലും മടിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ദേവികുളത്ത് നമുക്ക് കാണാന്‍ സാധിച്ചത്. സര്‍ക്കാറിന്റെ തീരുമാന പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്റെ ആത്മാര്‍ഥമായ ജനസേവനത്തിനും ചുമതലാ ബോധത്തിനുമാണ് പോറല്‍ വീഴ്ത്തിയത്. കയ്യേറ്റത്തിന് കുടപിടിക്കുന്ന പോലീസുകാരെയാണ് ദേവികുളത്ത് കാണാന്‍ കഴിഞ്ഞത്. ശ്രീറാം വെങ്കിട്ടരാമിന്റെ നടപടിയെ കേരളത്തിന്റെ പൊതു സമൂഹം പിന്‍താങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അക്രമത്തെ തെല്ലും ഭയക്കാതെ തന്റെ നിലപാട് വെളിപ്പെടുത്തിയ അദ്ദേഹത്തെ റവന്യു മന്ത്രി വിളിച്ച് അഭിനന്ദിച്ചത് അങ്ങേയറ്റം പ്രശംസയര്‍ഹിക്കുന്ന കാര്യമാണ്. ഭാവിയിലും റവന്യു മന്ത്രിയുടെ പിന്തുണയും പ്രോത്സാഹനവും സംരക്ഷണവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അഴിമതിക്കും അധര്‍മ്മത്തിനും എതിരെ പടപൊരുതുന്ന ഇത്തരം ഐ.എ.എസ് ഉദ്യോഗസ്ഥരാണ് കേരളത്തിന് ആവശ്യം. സത്യവും നീതിയും നടപ്പിലാക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായ ശ്രീറാം വെങ്കിട്ടരാമന്റെ ആത്മ വീര്യവും മനക്കരുത്തും ഇച്ഛാശക്തിയും തകര്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കരുതെന്നാണ് കേരളീയ സമൂഹം ആവശ്യപ്പെടുന്നത്. കേരളത്തില്‍ നീതിയും ന്യായവും പുലരണമെങ്കില്‍ പ്രതീക്ഷയുടെ പ്രകാശ കിരണങ്ങളായ ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം അത്യന്താപേക്ഷിതമാണെന്ന് ദേവികുളം സംഭവം സാക്ഷ്യപ്പെടുത്തുന്നു.

0Shares