ചൈന: പിരമിഡ് എന്ന് കേള്‍ക്കുമ്പോള്‍ ഈജിപ്തിനെയാണ് എല്ലാവര്‍ക്കും ഓര്‍മ വരുന്നത്. എന്നാല്‍ കേട്ടോളൂ ചൈനയിലുമുണ്ട് പിരമിഡ്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് പിരമിഡ് കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടിട നിര്‍മ്മാണ സ്ഥലത്തു നിന്നാണ് ചെറിയ പിരമിഡുകള്‍ കണ്ടെത്തിയത്. ഇതിന്റെ പഴക്കമോ ഇത് നിര്‍മ്മിച്ചതാരെന്നോ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ല. നേരത്തെ ഗ്രാമമായിരുന്ന ഈ പ്രദേശം നഗരവത്ക്കരണത്തിന്റെ ഭാഗമായി ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായുള്ള കെട്ടിടങ്ങളുടെ നിര്‍മാണങ്ങളാണ് നടന്നിരുന്നത്.

കണ്ടെത്തിയ രണ്ട് ശവകുടീരങ്ങളില്‍ ഒന്നിനാണ് പിരമിഡിന്റെ രൂപമുള്ളത്. രണ്ടാമത്തേതിന് പകുതി സിലിണ്ടറിന്റെ രൂപമാണുള്ളത്. 98 അടി നീളവും 26 അടി വീതിയുമാണ് ശവകുടീരങ്ങള്‍ അടങ്ങിയ ഭാഗത്തിനുള്ളത്. കിഴക്ക് പടിഞ്ഞാറായി നിര്‍മിച്ചിരിക്കുന്ന ശവകുടീരത്തിന്റെ പ്രധാന ഭാഗം കിഴക്കോട്ടാണുള്ളത്. ഹാന്‍ രാജവംശത്തിന്റെ (ബിസി 206 എഡി 220) കാലത്ത് ഇത്തരത്തിലുള്ള ശവകുടീരങ്ങളുണ്ടായിരുന്നു എന്നാണ് പുരാവസ്തുഗവേഷകരുടെ അഭിപ്രായം.