കോട്ടയം: ലോക്‌സഭാ എംപിയും മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വിവാദത്തിലേക്ക്. ലീഗിന്റെ തന്നെ രാജ്യസഭാംഗമായ പി.വി അബ്ദുള്‍ വഹാബാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞു വീണ അദ്ദേഹം അന്നു തന്നെ മരിച്ചിരുന്നുവെന്നും ഒരു കേന്ദ്ര മന്ത്രിയാണ് ഇക്കാര്യം തന്നോട് അറിയിച്ചതെന്നും വഹാബ് വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിര്‍ണ്ണായകഘട്ടത്തില്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തിന് മുമ്പാകെ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും അബ്ദുള്‍ വഹാബ് എംപി പറഞ്ഞു.അതേസമയം ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ റാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ തള്ളി.

മരണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ചില തല്‍പ്പര കക്ഷികള്‍ രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ടാണ് വിവാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമാണെന്നും ആര്‍ എം എല്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികള്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണവുമായി എത്തിയത്. ഇ. അഹമ്മദ് എം.പിയെ പാര്‍ലമെന്റില്‍ നിന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും ബുധനാഴ്ച പുലര്‍ച്ചെ 2.15 നാണ് അദ്ദേഹം അന്തരിച്ചതെന്നും ആശുപത്രി ഉന്നതാധികൃതര്‍ വ്യക്തമാക്കി.