
ഇടുക്കി ജില്ലയില്‍ പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്നലെ നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ജില്ലയിലെ 24 സ്കൂളുകളില്‍ ലഭിച്ചത്. ചോദ്യപേപ്പര്‍ പായ്ക്കറ്റിനു പുറത്തു ഹിസ്റ്ററി എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പൊട്ടിച്ചപ്പോള്‍ ഇക്കണോമിക്സ് ചോദ്യപേപ്പറാണു ലഭിച്ചത്.
പായ്ക്കറ്റിലെ ലേബല്‍ പരസ്പരം മാറിപ്പോയതാകാമെന്ന നിഗമനത്തില്‍ അധ്യാപകര്‍ ഇക്കണോമിക്സ് ചോദ്യപേപ്പര്‍ പായ്ക്കറ്റ് പൊട്ടിച്ചു നോക്കിയെങ്കിലും ഇതിനുള്ളിലും ഇക്കണോമിക്സ് ചോദ്യപേപ്പര്‍ തന്നെയായിരുന്നു. ഇതോടെ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രിന്‍സിപ്പല്‍മാര്‍ കുഴങ്ങി.

ചോദ്യപേപ്പര്‍ വിതരണം നടത്തിയ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും (ബി.ആര്.സി) കോട്ടയത്തെ ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും വിവരം അറിയിച്ചെങ്കിലും പകരം ചോദ്യപേപ്പര്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. ഒടുവില്‍ ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഖാന്തിരം പ്രിന്‍സിപ്പല്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്കും ഇ-മെയില്‍ മുഖാന്തിരവും ചോദ്യപേപ്പര്‍ അയച്ചു നല്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോ കോപ്പി എടുത്തു നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍, പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം ഇല്ലാതിരുന്നതിനാല്‍ ഇതിനും കഴിഞ്ഞില്ല. ഒടുവില്‍ ക്ലാസ് മുറികളിലെ ബോര്‍ഡില്‍ ചോദ്യാവലി അധ്യാപകര്‍ എഴുതിയിട്ടാണ് ചിലയിടങ്ങളില്‍ പരീക്ഷ നടത്തിയത്. ഇന്നലെ രാവിലെ 10 മുതല്‍ 12.45 വരെ നടക്കേണ്ടിയിരുന്ന പരീക്ഷ ചോദ്യപേപ്പര്‍ മാറിപ്പോയതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നേക്കും.
പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി ഫൈനല്‍ പരീക്ഷകള്‍ രാവിലെ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായാണ് പദ്ധതി നടപ്പിക്കാലാക്കിയത്. എന്നാല്‍ ഓണപരീക്ഷയുടെ ആദ്യ ദിനം തന്നെ പദ്ധതി പാളി.
