ഇവിടെ വെള്ളം കുടിച്ചവര്‍ ഉപ്പ് തിന്നുന്നു…!

  • Post category:news
  • Reading time:2 mins read
You are currently viewing ഇവിടെ വെള്ളം കുടിച്ചവര്‍ ഉപ്പ് തിന്നുന്നു…!

കാസര്‍കോട്: ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നത് പഴമൊഴി. പക്ഷേ വെള്ളം കുടിച്ചവന് ഉപ്പ് തിന്നേണ്ടി വരിക എന്നത് ലോകത്ത് ഒരിടത്തുമില്ലാത്ത അനുഭവമാണ്. എന്നാല്‍ അത്തരം ഒരു ദുരവസ്ഥയാണ് കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലാ നിവാസികള്‍ ഇന്നനുഭവിക്കുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം, പക്ഷേ, അതാണ് വാസ്തവം. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പ് വെള്ളം കുടിച്ച് കുടിച്ച് കഷ്ടപ്പെടുന്ന ഇങ്ങനെയൊരു ജനവിഭാഗം ഭൂമിമലയാളത്തിലെന്നല്ല, ഇന്ത്യാ മഹാരാജ്യത്തിലെന്നല്ല, ഈ ദുനിയാവില്‍ മറ്റൊരിടത്തും ഉണ്ടാകില്ല.! ഓരോ വര്‍ഷവും ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കാസര്‍കോട് ജില്ലാ ആസ്ഥാന നഗരിയിലെയും സമീപ ഗ്രമ പഞ്ചായത്തുകളിലെയും അരലക്ഷത്തിലേറെ ആളുകള്‍ക്ക് കുടിക്കേണ്ടി വരുന്നത് കടല്‍ വെള്ളമാണ്…! നാട് മാറിമാറി ഭരിച്ച ഇടത്-വലത് ഭരണകൂടങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും കരാറുകാരുടെയും ജനസ്‌നേഹത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വബോധത്തിന്റെയും ഉത്തമ മാതൃകയാണ് ഈ കാസര്‍കോടന്‍ ഉപ്പ് വെള്ള വിതരണ മഹായജ്ഞം.! ഇത്തരമൊരു സല്‍പ്രവര്‍ത്തിക്ക് ഇവര്‍ക്ക് ഉന്നത പുരസ്‌കാരങ്ങളും ബഹുമതിയും നല്‍കി ആദരിക്കാന്‍ നാള്‍ ഇതുവരെയായും ആരും എന്തേ മുന്നോട്ട് വന്നില്ല..? അഴിമതിയുടെയും അനാസ്ഥയുടെയും അലംഭാവത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും സാക്ഷ്യപത്രമാണ് കാസര്‍കോട്ടെ കുടിവെള്ള വിതരണ പദ്ധതി.

കാസര്‍കോട് നഗരസഭയിലും ചെങ്കള, മൂളിയാര്‍, മധൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലുമുള്ള അരലക്ഷത്തോളം ആളുകള്‍ക്ക് പതിറ്റാണ്ടുകളായി ശുദ്ധജലം വിതരണം ചെയ്യുന്ന ബാവിക്കര പദ്ധതിക്ക് പറയാനുള്ളത് അവഗണനയുടെയും പിടിപ്പുകേടിന്റെയും കൊള്ളരുതായ്മയുടെയും കഥകള്‍ മാത്രം. പയസ്വിനി
പുഴയില്‍ (ചന്ദ്രഗിരി പുഴ) ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മ്മിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ വര്‍ഷങ്ങളായി ആയിരക്കണക്കിനാളുകള്‍ ഉപ്പ് വെള്ളം കുടിക്കേണ്ടി വരുന്നത്. പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്ത വീട് എന്നുപറഞ്ഞമാതിരിയാണ് ബാവിക്കര പദ്ധതിയുടേത്. 2005-ല്‍ ഇവിടെ സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും പലകാരണങ്ങളാല്‍ ഇന്നും അത് തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ 28 കോടിയോളം രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി തുടങ്ങിയെങ്കിലും അതും പാളിപ്പോയി.

 

പുഴയില്‍ തടയണ നിര്‍മ്മിക്കാന്‍ സാധിക്കാതെ ‘ ബുദ്ധിമാന്‍മാരായ എഞ്ചിനീയര്‍മാര്‍’ തോറ്റ് തൊപ്പിയിട്ട് പിന്മാറുകയാണ്. അവരുടെ എഞ്ചിനീയറിങ്ങ് വൈധ്യഗ്ദ്ധമെല്ലാം ഈ പുഴയില്‍ പരാജയപ്പെടുകയാണ്.! സ്ഥിരം തടയണ നിര്‍മ്മിച്ച് കടലില്‍ നിന്നും പുഴയിലേക്ക് ഒഴുകിയെത്തുന്ന ഉപ്പ് വെള്ളത്തെ പ്രതിരോധിക്കാന്‍ സാധിക്കാത്ത ഉത്തരവാദപ്പെട്ടവരെ എത്ര അഭിനന്ദിച്ചാലാണ് അധികമാവുക…! രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്‍മാരും കരാറുകാരും ചേര്‍ന്ന് ജനങ്ങളെ വട്ടംകറക്കുന്ന ഇത്തരമൊരു ഏര്‍പ്പാട് കേരളത്തിന്റെ മറ്റേന്തെങ്കിലും ഒരു ഭാഗത്തായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.! എന്‍ഡോസള്‍ഫാന്‍ വിഷമഴ വര്‍ഷിച്ച് പതിനായിരങ്ങളെ നിത്യ രോഗികളാക്കിയ, കാലപുരിക്ക് അയച്ച നാടാണ് കാസര്‍കോട് പ്രദേശം. അങ്ങനെയുള്ളൊരു നാട്ടില്‍ ഉപ്പ് വെള്ളം കുടിച്ച് കഷ്ടപ്പെടുന്ന പാവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കാണ് സമയം.? ക്ഷമാശാലികളായ ജനങ്ങളുടെ ഈ നാടിന് ഇമ്മാതിരി ദുരിതങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നും എന്നായിരിക്കാം ദൈവമേ, ഒരു ശാപമോചനം…?

 

0Shares