ആലപ്പുഴ: കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിംങ് വിദ്യാര്‍ത്ഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാനേജ്‌മെന്റിന്റെ കൊടിയ പീഡനമാണ് തിരുവനന്തപുരം സ്വദേശിയായ ആര്‍ഷ് എന്ന വിദ്യാര്‍ത്ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്തു വന്ന വിവരം. ഭീമമായ തുക ഫീസിനത്തില്‍ വാങ്ങുന്ന കോളേജില്‍ സൗകര്യമുള്ള ഹോസ്റ്റലോ നല്ല ഭക്ഷണമോ ലഭിക്കുന്നില്ലെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികളും കോളേജ് മാനേജ്‌മെന്റും എന്നും വാക്കേറ്റം ഉണ്ടാവാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ഭക്ഷണം മടുത്ത് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പുറത്തു നിന്നും ഭക്ഷണം കഴിക്കാനിടയായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങി നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി ഭക്ഷണം കഴിച്ച ആര്‍ഷിനെയും സുഹൃത്ത് ഗോകുലിനെയും ഒഴികെയുള്ള വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പ്രവേശിപ്പിച്ചു.

ആര്‍ഷിനോടും സുഹൃത്തിനോടും ഹോസ്റ്റല്‍ ഒഴിഞ്ഞ് പോകാനാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. മാത്രമല്ല ഇവരുടെ രക്ഷിതാക്കളെ വിളിച്ച് ചെയ്യാത്ത കുറ്റങ്ങള്‍ വരെ വച്ച് ഇവരുടെമേല്‍ പഴിചാരുകയും ചെയ്‌തെന്നും പറയുന്നു. ഇതില്‍ മനം നൊന്താണ് ആര്‍ഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായുള്ള കോളേജ് മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരം നടത്തി വരികയായിരുന്നു. എസ്.എഫ്.ഐ നടത്തിയ സമരത്തില്‍ ആര്‍ഷുമുണ്ടായിരുന്നു. ഇതാണ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞ് പിടിച്ച് പുറത്താക്കാനുള്ള നീക്കം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച്ച പള്ളിയില്‍ പോകാന്‍ അവസരം നല്‍കാത്തതും കോളേജ് ചെയര്‍മാന്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതും വന്‍വിവാദമായിരുന്നു.

ഈ കോളേജിന് വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിങ് എന്ന പേരുണ്ടെങ്കിലും ഇതിന്റെ നടത്തിപ്പുകാരന്‍ കോളേജ് ചെയര്‍മാനായ സുഭാഷ് വാസു തന്നെയാണ്. കോളേജ് ക്യാമ്പസിനുള്ളില്‍ മാനേജ്‌മെന്റിന്റെ വക ഗുണ്ടകളുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പാമ്പാടി നെഹ്‌റു എന്‍ജിനിയറിംങ് കോളോജിലെ വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയിയുടെ മരണം കേരളത്തിലാകെ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലും മറ്റൊരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമകേസില്‍ പോലീസ് അലംഭാവം കാണിച്ചെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ആര്‍ഷിന്റെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയത് സുഭാഷ് വാസുവിന്റെ ഇന്നോവ കാറിലാണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.