
കാഞ്ഞങ്ങാട്/ കാസര്‍കോട്: കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീം ജി’ യുടെ സർവീസിനെ ഒരുകൂട്ടം ഓട്ടോ തൊഴിലാളികൾ ചേർന്ന്‍ തടഞ്ഞതിനെ തുടര്‍ന്ന് ഒടുവിൽ പോലീസെത്തി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടുകൂടി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം.

ഇ ഓട്ടോ സർവീസ് നടത്തുന്നതിനിടെ ഒരു കൂട്ടം ഓട്ടോ തൊഴിലാളികൾ ചേർന്ന് പാർക്കിങ് ഇല്ലാതെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തടയുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഓട്ടോ തൊഴിലാളികളും പോലീസും തമ്മിൽ വാക്കു തർക്കമുണ്ടായതോടെ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ തുടര്‍ന്ന് സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു. സംഭവത്തില്‍ കലക്ടറും ജില്ലാ പോലീസ് മേധാവിയും ഇടപെട്ടു. ഈ മാസം 5നായിരുന്നു കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ ‘ഏയ് ഓട്ടോ’ പദ്ധതി കലക്ടർ ഡോ. ഡി.സജിത്ത് ബാബു ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ചത്.
