
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വരാജ് അഭിയാന്‍ നേതാവും തിരഞ്ഞെടുപ്പ് വിദഗ്ധനുമായ യോഗേന്ദ്ര യാദവ്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാനായി ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മരിക്കുന്നതാണ് നല്ലത് എന്ന് മുന്‍ എ.എ.പി നേതാവ് കൂടിയായ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു.

മോഡി വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യത എന്ന് എക്‌സിറ്റ് പോളുകള്‍ പുറത്തുവരുന്നതിന് മുമ്പ് യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. എന്‍.ഡി.എയ്ക്ക് 302 സീറ്റ് ആണ് ശരാശരി എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് പരമാവധി 122 സീറ്റും. ബി.ജെ.പിയെ തടയാന്‍ അവര്‍ക്ക് കഴിയില്ല എന്നാണെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ യാതൊരു പോസിറ്റീവ് റോളുമില്ല എന്നാണ് അതിനര്‍ത്ഥം. ബി.ജെ.പിക്ക് ബദലുണ്ടാക്കുന്നതില്‍ രാജ്യത്ത് ഏറ്റവും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് ആണ് എന്ന് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.
