ലണ്ടന്‍: ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ആവേശ പോരാട്ടത്തിന് നിമിഷങ്ങള്‍ മാത്രം. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് നടക്കും. ഇരു ടീമുകളുടെയും ടൂര്‍ണമെന്റിലെ ആദ്യത്തെ മത്സരമണ്. അയല്‍ക്കാരും ചിരവൈരികളുമായ പാകിസ്താനെ തകര്‍ത്ത് ടൂര്‍ണമെന്റില്‍ തുടക്കം കുറിക്കാനാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഇന്ത്യയുടെ ശ്രമം. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല ലണ്ടനില്‍ നിന്നുള്ളത്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മല്‍സരത്തിനു കാലാവസ്ഥയാണ് ഏറ്റവും വലിയ ഭീഷണിയാവുന്നത്. നേരത്തേ ന്യൂസിലന്‍ഡും ഓസ്ട്രേലിയയും തമ്മിലുള്ള മല്‍സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു. ഞായറാഴ്ച എഡ്ജ്ബാസ്റ്റണില്‍ മഴ പെയ്യാന്‍ 40 ശതമാനവും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗ ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച രാത്രി ഇവിടെ ഇടിയോടു കൂടിയ കനത്ത മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. മോശം കാലാവസ്ഥ മൂലം മല്‍സരം തടസ്സപ്പെടുമ്പോള്‍ പരീക്ഷിക്കുന്ന ഡക്വര്‍ത്ത് ലൂയിസ് നിയമം തന്നെയാവും ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന്റെയും വിധി നിശ്ചയിക്കുകയെന്നാണ് സൂചന. ന്യൂസിലന്‍ഡും ഓസ്ട്രേലിയയും തമ്മിലുള്ള ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളി മാത്രമല്ല ചാമ്പ്യന്‍ഷിപ്പിനു മുമ്പ് നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയ-പാകിസ്താന്‍ സന്നാഹ മല്‍സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യക്കും പാകിസ്താനും ഇന്നത്തെ മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. കാരണം നാലു ടീമുകളുള്ള ഗ്രൂപ്പില്‍ നിന്ന് രണ്ടു ടീമുകള്‍ക്കു മാത്രമെ സെമി ഫൈനലില്‍ എത്താന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ ജയത്തിനുവേണ്ടി ഇരുടീമും കഠിനാധ്വാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.