മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് ഇന്ന് 89ാം പിറന്നാളാണ്. ബോളിവുഡ് സംഗീതം എന്നാല്‍ ലതാ മങ്കേഷ്‌കര്‍ എന്ന പേരിലേക്ക് മാത്രം ഒതുങ്ങിയൊരു കാലമുണ്ടായിരുന്നു. തന്റെ മാന്ത്രിക ശബ്ദത്തിലൂടെ അവര്‍ ബോളിവുഡിനെ എവിടേക്കും ഒഴുകാതെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലതാജി എന്ന് പറഞ്ഞാല്‍ ഹിന്ദി സിനിമാലോകത്തിന് മാത്രമല്ല, ഭാരതത്തിന് മുഴുവന്‍ സംഗീതമാണ്. അതുകൊണ്ടാണ് ആ മാസ്മരിക ശബ്ദത്തെ വാനമ്പാടി എന്ന് പേരിട്ട് വിളിച്ചത്. ഗായക ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറിലാണ് ലത ജനിച്ചത്. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്‌കര്‍ എന്നാക്കിയതാണ്. ലത മങ്കേഷ്‌കറിന്റെ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേര് ലത എന്നാക്കി മാറ്റുകയാണുണ്ടായത്.
പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്ലേ ഇളയ സഹോദരിയാണ്. ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. അഞ്ചാമത്തെ വയസില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിച്ചു. പതിമൂന്ന് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കുടുംബം പോറ്റാന്‍വേണ്ടി ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലേക്ക് ചേക്കേറി. 1942-ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷം തന്നെ ലത, പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948-ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ്. മുഖര്‍ജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. മലയാളത്തില്‍ കദളി ചെങ്കദളി എന്ന് തുടങ്ങുന്ന ഏക ഗാനം ലതാജി പാടിയിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയും.1999-ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2001-ലാണ് ഭാരതരത്‌നം ലഭിച്ചത്. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവയും നേടിയിട്ടുണ്ട്.
https://www.youtube.com/watch?v=66rYxxUvDOY
