ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യു.പിയില്‍; കേരളം നാലാം സ്ഥാനത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യു.പിയില്‍; കേരളം നാലാം സ്ഥാനത്ത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ 2017 ലെ കണക്കുകള്‍ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. മൂന്നു ലക്ഷത്തിലധികം കേസുകളാണ് 2017 ല്‍ യു.പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മൂന്നു വര്‍ഷങ്ങളായി യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

30,62,579 കേസുകളാണ് രാജ്യത്തുടനീളം 2017 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ജനപ്പെരുപ്പമുള്ള സംസ്ഥാനമായ യു.പിയില്‍ 3,10,084 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റര്‍ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനമാണിത്.

രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ 9.4 ശതമാനവും മഹാരാഷ്ട്രയിലും 8.8 ശതമാനവും മധ്യപ്രദേശിലുമാണ് നടക്കുന്നത്.കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിന് നാലാം സ്ഥാനവും ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവുമാണ് ഉള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2,35,846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരളത്തിലാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനം. 2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവും. ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍.

ഉത്തര്‍പ്രദേശിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. 2017 ൽ മാത്രം രജിസ്റ്റർ ചെയ്തത് 56,011 കേസുകൾ. രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ് 31,979 കേസുകൾ. 30,992 കേസുമായി ബംഗാളാണ് മൂന്നാം സ്ഥാനത്ത്. പിന്നാലെ 29,778 കേസുമായി മധ്യപ്രദേശ്, 25,993 രാജസ്ഥാൻ, 23,082 അസം എന്നീ സംസ്ഥാനങ്ങളുമുണ്ട്. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയ്ക്കാൻ ഡൽഹിക്ക് കഴിഞ്ഞിട്ടുണ്ട്.

2017ല്‍ 13,076 കേസുകൾ മാത്രമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ഇത് 15,310ഉം 2015ല്‍ 17,222ഉം ആയിരുന്നു.11,370 കുറ്റകൃത്യമാണ് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ 2017ല്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യ പട്ടികയില്‍ 13ാമതാണ് കേരളത്തിന്‍റെ സ്ഥാനം.

0Shares