
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ബാലപീഡകനെന്ന് വിളിച്ച് അപമാനിച്ച വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സോഷ്യല്‍ ആക്ടിവിസ്റ്റ് ബി. അരുന്ധതി രംഗത്ത്. എ.കെ.ജിയെ അപമാനിച്ച ബല്‍റാം മാപ്പുപറഞ്ഞിട്ട് പോയാ മതിയെന്ന് അരുന്ധതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എ.കെ.ജി ബാലപീഡനം നടത്തിയെന്നുള്ള ആരോപണമാണ് ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ ഉയര്‍ത്തിയത്.

വി.ടി ബല്‍റാം കമന്റിട്ടത് ഇങ്ങനെ:
എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂറ് തന്നെ നല്‍കുന്നതായിരിക്കും.
ബല്‍റാമിന്റെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടോട് കൂടിയാണ് അരുന്ധതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
അരുന്ധതി എഴുതിയത് ഇങ്ങനെ:
ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എയാണ്. പറയുന്നത് പൊതുസ്ഥലത്താണ്. എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവെന്ന രീതിയില്‍ നിങ്ങള്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഢനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണ്. ജനങ്ങള്‍ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങള്‍ വിചാരിക്കണ്ട.
എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണം. പറഞ്ഞിട്ട് പോയാ മതി.
