
ചെന്നൈ/ കോഴിക്കോട് : തന്റെ ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ ന്യായീകരണവുമായി നടി അമലാപോളിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അമലാ പോളിന്റെ വിശദീകരണം. പുതുച്ചേരിയിലെ എന്ജിനീയറിങ് സ്റ്റുഡന്റിന്‍റെ പേരിലാണ് അമലാപോളിന്റെ വാഹനം രജിസ്റ്റര് ചെയ്തതെന്ന് മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്ക്കാരിന് നഷ്ടമായത്.

ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമര്‍ശകരുടെ അനുവാദം വേണമോയെന്നും അമല പോസ്റ്റിലൂടെ പരിഹസിക്കുന്നു. എന്നാല്‍, അമലയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും ഉള്‍പ്പെടെ ഉയരുന്നത്.
