ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാന്‍മാര്‍ക്ക് ലോകോത്തര നിലവാരമുള്ള ഹെല്‍മറ്റുകള്‍ നല്‍കാനുളള നടപടികളുമായി പ്രതിരോധമന്ത്രാലയം. ആശയ വിനിമയ സംവിധാനം ഘടിപ്പിക്കാവുന്ന തരത്തിലുള്ള പുതിയ ഹെല്‍മറ്റ് മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചു നല്‍കാനാണ് തീരുമാനം. കാണ്‍പൂര്‍ ആസ്ഥാനമായുള്ള എം.കെ.യു. ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് പുതിയ ഹെല്‍മറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്.

ആദ്യ ഘട്ടത്തില്‍ 1.58 ലക്ഷംഹെല്‍മറ്റുകള്‍ നിര്‍മിക്കാനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഇതിനു വേണ്ടി 180 കോടിയോളം രൂപയാണ് ചെലവ് വരുന്നത്. നിലവില്‍ ഇസ്രായേല്‍ നിര്‍മ്മിത ഹെല്‍മറ്റാണ് കരസേനയില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ അമിത ഭാരം സൈനികര്‍ക്ക് പലതരത്തില്‍ പ്രയാസമുളവാക്കുന്നു. കാലാനുസൃതമായി സൗകര്യപ്രദമായ രീതിയിലുള്ള പട്ടാള തൊപ്പി വേണമെന്ന് സൈനികര്‍ ഏറെകാലമായി ആവശ്യമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹെല്‍മറ്റ് നവീകരണം യാഥാര്‍ത്ഥ്യമാക്കുന്നത്.
