ഇനി കാസര്‍കോട്ടുകാര്‍ ഉപ്പുവെള്ളം കുടിക്കേണ്ട; മുടങ്ങിക്കിടന്ന ബാവിക്കര പദ്ധതി പ്രവൃത്തി പുനരാരംഭിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing ഇനി കാസര്‍കോട്ടുകാര്‍ ഉപ്പുവെള്ളം കുടിക്കേണ്ട; മുടങ്ങിക്കിടന്ന ബാവിക്കര പദ്ധതി പ്രവൃത്തി പുനരാരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഇക്കുറി വേനല്‍കാലത്ത് ഉപ്പുവെള്ളം കുടിക്കേണ്ട ഗതിവരില്ല. ഒരു വ്യാഴവട്ടക്കാലത്തിലധികമായി മുടങ്ങിക്കിടക്കുന്ന ബാവിക്കര റഗുലേറ്ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. രണ്ടു കരാറുകാര്‍ ഉപേക്ഷിക്കുകയും രണ്ടു തവണ ഡിസൈന്‍ പുതുക്കുകയും സംസ്ഥാന ഖജനാവില്‍ നിന്ന് അഞ്ചു കോടിയേളം രൂപ ചെലവഴിക്കുകയും ചെയ്ത റഗുലേറ്റര്‍ പദ്ധതിക്ക് എം.എല്‍.എ മാരായ എന്‍ .എ നെല്ലിക്കുന്നും കെ കുഞ്ഞിരാമനും നടത്തിയ നിരന്തര പരിശ്രമത്തിലാണ് ജീവന്‍ വെച്ചത്. കുടിവെള്ളത്തിനായി താല്‍ക്കാലിക തടയണ നിര്‍മ്മിക്കുകയായിരുന്നു വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്നത്. ഇനിയൊരു പ്ലാസ്റ്റിക് തടയണ നിര്‍മ്മാണം അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ ബാവിക്കര ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭരംഗത്തിറങ്ങുകയുണ്ടായി. എം.എല്‍.എമാരുടെ നിരന്തരമായ സമ്മര്‍ദ്ദവും കൂടിയായതോടെ ജില്ലയില്‍ വര്‍ഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന വിഷമെന്ന പരിഗണന നല്‍കി ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി തോമസ് ഇതിലിടപെടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പുതിയ ഡിസൈന്‍ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുകയുമായിരുന്നു. ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷനു തന്നെയാണ് ബാവിക്കര റഗുലേറ്ററിന്റെ നിര്‍മ്മാണചുമതല നല്‍കിയിട്ടുള്ളത്. ബാവിക്കര റഗുലേറ്ററിന്റെ പ്രവൃത്തിക്കായി ആഴം കൂടിയ ചട്ടഞ്ചാല്‍ മാച്ചിപ്പുറം ഭാഗത്ത് പുതിയ റോഡ് നിര്‍മ്മിക്കേണ്ടി വരും. സൈറ്റിലേക്ക് നിര്‍മ്മിക്കുന്ന ഈ റോഡ് മഹാലക്ഷ്മിപുരം ക്ഷേത്രം വരെ നീട്ടി ചട്ടഞ്ചാല്‍-മഹാലക്ഷ്മിപുരം റോഡുമായി ബന്ധിപ്പിക്കുന്നതിനും ഭാവിയില്‍ ക്ഷേത്രത്തിലേക്കും ത്രിവേണി സംഗമത്തിലേക്കും എത്താനുതകുന്ന പ്രധാന തീര്‍ത്ഥാടന-ടൂറിസം പാതയായി മാറ്റാനും സാധിക്കും. പദ്ധതി തടസം കൂടാതെ മുന്നോട്ടു കൊണ്ടു പോകുന്നതിന് മഹാലക്ഷ്മിപുരം ക്ഷേത്രപരിസരത്ത് എം.എല്‍.എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തു. കുടിവെള്ള പദ്ധതിക്കൊപ്പം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ട്രാക്ടര്‍വേ കൂടി നിര്‍മ്മിക്കണമെന്ന ആവശ്യവും റോഡ് ക്ഷേത്രത്തിലേക്ക് നീട്ടണമെന്ന കാര്യവും നാട്ടുകാര്‍ മുന്നോട്ടു വെച്ചു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എം എല്‍എമാര്‍ ഉറപ്പു നല്‍കി. പദ്ധതി സൈറ്റിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു കൊടുക്കാമെന്ന് എം മാധവന്‍ നായര്‍ യോഗത്തില്‍ അറിയിച്ചു. നിലവിലുള്ള ബാവിക്കര ആക്ഷന്‍ കമ്മിറ്റിയെ നിലനിര്‍ത്തിക്കൊണ്ട് പദ്ധതി നിര്‍മ്മാണത്തിനു സഹായിക്കാന്‍ എ ഗോപിനാഥന്‍ നായര്‍ ചെയര്‍മാനും ഇ കുഞ്ഞിക്കണ്ണന്‍ കണ്‍വീനറായും ബി.എം കൃഷ്ണന്‍ നായര്‍, എം മാധവന്‍ നായര്‍ മാച്ചിപ്പുറം, ബാലഗോപാലന്‍, വാസു ചട്ടഞ്ചാല്‍, പി ഗംഗാധരന്‍, അബ്ദുള്ള ആലൂര്‍, ബഷീര്‍ മുനമ്പം, മുനീര്‍ മുനമ്പം, നസീബ് അബ്ദുള്ള, എം വിനോദ്കുമാര്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു. അതേസമയം ബാവിക്കര റഗുലേറ്ററിന്റെ പ്രവൃത്തി പുനരാരംഭിച്ചതും അനുബന്ധകാര്യങ്ങളും വിലയിരുത്താന്‍ ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രവൃത്തിസ്ഥലം സന്ദര്‍ശിക്കുമെന്ന് കെ കുഞ്ഞിരാമന്‍ എം.എല്‍.എ അറിയിച്ചു.

0Shares