ഇനിയില്ല രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആ ശബ്ദഗാംഭീര്യം; ശബ്ദകുലപതിക്ക് പ്രണാമം

  • Post category:news
  • Reading time:2 mins read
You are currently viewing ഇനിയില്ല രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആ ശബ്ദഗാംഭീര്യം; ശബ്ദകുലപതിക്ക് പ്രണാമം

ഇന്നത്തെ പ്രഭാതം പുലര്‍ന്നത് ഏറെ ദുഃഖസാന്ദ്രമായാണ്. ജില്ലയിലെ പ്രമുഖ അനൗന്‍സറും അധ്യാപകനുമായിരുന്ന കാഞ്ഞങ്ങാട്ടെ കെ.വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന വിവരമറിഞ്ഞു. ആ സുമനസിന് ആദരാഞ്ജലികള്‍ നേരുന്നു… ശബ്ദഗാംഭീര്യം നിറഞ്ഞ വാക്കുകള്‍ കൊണ്ട് കേള്‍വിക്കാരെ ആസ്വാദനത്തിന്റെ പരകോടിയിലെത്തിക്കാന്‍ ഇനി മാഷില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കേരളത്തിലെ പ്രശസ്ത ഗാനമേള ട്രൂപ്പുകളുടെയും സര്‍ക്കാര്‍ പരിപാടികളുടെയും സ്റ്റേജ് അവതാരകന്‍ എന്ന നിലയില്‍ വളരെയധികം ശ്രദ്ധേയനായിരുന്നു മാഷ്. പത്ത് വര്‍ഷം മുന്‍പ് കേരള പ്രവാസി സംഘം അമ്പലത്തറയില്‍ സംഘടിപ്പിച്ച വോളി നൈറ്റിന്റെ അനൗന്‍സ്‌മെന്റ് ഡെസ്‌ക്കില്‍ വച്ചാണ് ആദ്യമായി പരിചയപെടുന്നത്. ഇന്ത്യന്‍ വോളിയുടെ ചുവന്ന താരകം ജിമ്മിജോര്‍ജിനെ വളരെ മനോഹരമായ വാക്കുകളിലൂടെ വിവരിക്കുന്ന മാഷിന്റെ ശബ്ദസൗകുമാര്യത്തില്‍ മതിമറന്ന കായിക പ്രേമികളുടെ നിറഞ്ഞ കൈയ്യടിയില്‍ നിന്നും അറിയായത് മാഷിന്റെ അപാരമായ കഴിവ്.സ്റ്റേജ് അവതാരകന്‍ എന്ന നിലയില്‍ വടക്കന്‍ കേരളത്തിലെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാലയങ്ങളും രാധാകൃഷ്ണന്‍ മാഷിന്റെ സഹകരണം തേടിയിരുന്നു. ഇടറാത്ത ശബ്ദം തന്നെയായിരുന്നു സ്റ്റേജിലെ ധൈര്യം. വ്യത്യസ്തമായ അവതരണ ശൈലിയും വാക്കുകളുടെ ഒഴുക്കും അദ്ദേഹത്തെ ഈ മേഖലയില്‍ വേറിട്ടതാക്കി. സ്‌കൂള്‍ യുവജനോത്സവ വേദികളിലെ അനൗന്‍സ്‌മെന്റും ശ്രദ്ധിക്കപ്പെട്ടു. മാഷില്‍ നിന്നും പല ശൈലികളും കടമെടുത്തവരാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. അധ്യാപകനെന്ന നിലയിലും സംഘാടകനന്നെ നിലയിലും ജില്ലയുടെ സാംസ്‌ക്കാരിക മേഖലയില്‍ ജ്വലിച്ചു നിന്നു. അധ്യാപക സേവനത്തിന് ശേഷം കഴിഞ്ഞ കുറേ വര്‍ഷമായി കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഗസല്‍ റെക്കോര്‍ഡിഗ് സ്റ്റുഡിയോ ആയിരുന്നു ശബ്ദകലാകേന്ദ്രം. രണ്ട് ദിവസം മുന്‍പ് സ്റ്റുഡിയോയില്‍ ഒരു പരിപാടിയുടെ ശബ്ദം നല്‍കിയാണ് മാഷ് മടങ്ങിയതെന്ന് സ്റ്റുഡിയോ ഉടമയും സൗണ്ട് എന്‍ജിനിയറുമായ അയ്യൂബ് പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ ഭൂരിഭാഗം കടകളുടെയും സ്ഥാപനങ്ങളുടെയും പരസ്യത്തിന് പിറകില്‍ കേള്‍ക്കുന്ന ഗംഭീര ശബ്ദം മാഷിന്റേതായിരുന്നു. വയനാട്ട് കുലവന്‍ ദൈവംക്കെട്ട് മഹോത്സവവേദികളിലും മാഷിന്റെ തത്സമയ ശബ്ദം ഭക്തജനങ്ങളെ ആകര്‍ഷിച്ചു. മരണമെന്ന സത്യം എന്നന്നേക്കുമായി അടര്‍ത്തി മാറ്റിയപ്പോള്‍ അത് അനൗന്‍സ്‌മെന്റ് രംഗത്തും സാംസ്‌കാരിക മേഖലയ്ക്കും വലിയ നഷ്ടമാണുണ്ടാക്കിയത്. വലിയ നഷ്ടമാണ് മാഷിന്റെ വേര്‍പാട്. ശബ്ദകുലപതിക്ക്, ഗുരുതുല്യ പ്രതിഭയ്ക്ക് മുന്നില്‍ പ്രണാമം ….

(അനുസ്മരണം തയ്യാറാക്കിയത്: ജയരാജ് കുണ്ടംകുഴി)

0Shares