
യു.എ.ഇ ഡ്രൈവിങ് ലൈസൻസ് നേടാനാവശ്യമായ പരിശീലനം ഇന്ത്യയിൽ നിന്നു തന്നെ ലഭ്യമാക്കുന്ന പദ്ധതി വരുന്നു. കേന്ദ്ര സർക്കാറിനു കീഴിലെ നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി) യു.എ.ഇയിലെ മുൻനിര ഡ്രൈവിങ് പരിശീലന കേന്ദ്രമായ എമിറേറ്റസ് ഡ്രൈവിങ് ഇൻസ്റ്റിട്യൂട്ട്, യൂത്ത് ചേംബർ ഓഫ് കൊമേഴ്സ് (വൈ.സി.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി സാക്ഷാൽക്കരിക്കുന്നത്.
കേരളത്തിൽ നാലിടത്ത് ഉൾപ്പെടെ ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ഇതിനു മുന്നോടിയായി രാജസ്ഥാനിലും ഡൽഹിയിലും സജ്ജമാക്കിയ പരിശീലന കേന്ദ്രങ്ങളിൽ യു.എ.ഇ സംഘം എത്തി പരിശോധന നടത്തി. ഇന്ത്യയിൽ നിന്ന് പരിശീലനം നേടി യു.എ.ഇയിൽ എത്തി റോഡ് പരിചയവും പരീക്ഷയും പൂർത്തിയാക്കിയാൽ ലൈസൻസ് കിട്ടും വിധമാണ് ക്രമീകരണം.ഏതാനും മാസങ്ങൾക്കകം പദ്ധതി യാഥാർഥ്യമാവും. തിയറി ക്ലാസ്, യാർഡ് ടെസ്റ്റ്, ഓൺലൈൻ പരീക്ഷ എന്നിവയാകും പരിശീലിപ്പിക്കുക.

ദുബൈയിൽ സ്മാർട്ട് യാർഡ് ടെസ്റ്റ് നിലവിൽ വന്നതിനാൽ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് ഇവിടെയിരുന്ന് നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും സാധിക്കും.യു.എ.ഇയിൽ പല ജോലികൾക്കും അടിസ്ഥാന യോഗ്യതകളിലൊന്നായി ഡ്രൈവിങ് ലൈസൻസിനെ എണ്ണുന്നുണ്ട്. എന്നാൽ, നാട്ടിൽ സ്ഥിരമായി വാഹനം ഓടിക്കുന്നവർക്കു പോലും പലപ്പോഴും ഇവിടെ ലൈസൻസ് നേടൽ എളുപ്പമാവാറില്ല.
യു.എ.ഇയിൽ എത്തി ക്ലാസുകൾ പൂർത്തിയാക്കി ടെസ്റ്റിനെത്തുമ്പോഴേക്കും കാലതാമസമെടുക്കും. ആ പ്രതിസന്ധി ലഘൂകരിക്കുന്നതിനൊപ്പം സാമ്പത്തികമായും ഏറെ ലാഭകരമാവും ഇന്ത്യയിലെ പരിശീലനം എന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് എത്തുന്ന ഉദ്യോഗാർഥികൾക്ക് നൈപുണ്യവികസനം ഉറപ്പാക്കുമെന്ന് ഇരുരാജ്യങ്ങളുടെയും മാനവ വിഭവശേഷി മന്ത്രി തല ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. പല തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളുടെയും സിലബസിൽ ഡ്രൈവിങും ഉൾപ്പെടുന്നുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള യു.എ.ഇ രീതിയിൽ പരിശീലനം നൽകിയാൽ അത് വിദ്യാർഥികൾക്ക് വിദേശജോലിക്ക് ശ്രമിക്കുമ്പോഴും പ്രയോജനകരമായി മാറും. അടിസ്ഥാന-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള തുക എൻ.എസ്.ഡി.സി നൽകും. എക്സ്പോ 2020ന് മുന്നോടിയായി ദുബൈയിൽ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർക്ക് തൊഴിലവസരമുണ്ട്. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആയിരത്തിലധികം ബസ് ഡ്രൈവർമാരെയാണ് പുതുതായി നിയോഗിക്കാൻ ആലോചിക്കുന്നത്.
