കോഴിക്കോട്: കുന്ദമംഗലത്ത് ഭാര്യയേയും പിഞ്ചു കുഞ്ഞിനെയും ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ ഭിന്നശേഷിക്കാരനായ പ്രതി ഭാര്യയുടെ മൃതദേഹം കൊത്തി നുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കാന്‍ പദ്ധതി ഇട്ടിരുന്നുവെന്ന് അന്വേഷണ സംഘം. പ്രതിയുടെ പെരുമാറ്റം കൈയറപ്പു തീര്‍ന്ന സ്ഥിരം കുറ്റവാളിക്ക് സമാനമെന്നും അന്വേഷണ സംഘം പറയുന്നു. കൊലചെയ്ത രീതിയും പിന്നീട് ഉണ്ടായ സംഭവങ്ങളും പ്രതിയില്‍ നിന്നും മൊഴിയായി സ്വീകരിച്ച ശേഷമാണ് പോലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കുന്ദമംഗലം കളരിക്കണ്ടി പുറായില്‍ ആലുംതോട്ടത്തില്‍ ഷാഹിദ (37)യേയും മകള്‍ ഖദീജത്തുല്‍ മിസ്രിയ (ഒന്നര)യേയും കഴിഞ്ഞദിവസമാണ് ഷാഹിദയുടെ രണ്ടാം ഭര്‍ത്താവായ മുഹമ്മദ് ബഷീര്‍ കൊലപ്പെടുത്തിയത്. ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയപ്പോള്‍ ഷാഹിദയ്ക്ക് ലഭിച്ച പണത്തിന്റെ വിഹിതം ലഭിക്കുന്നതിനെ കുറിച്ചും, ഷാഹിദയുടെ പെരുമാറ്റത്തിലുള്ള ചില സംശയങ്ങളും, ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തർക്കവും കൊലക്ക് കാരണമായി എന്നാണ് മൊഴി.

ഷാഹിദയുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം വായില്‍ തുണി തിരുകി ഇസ്തിരിപ്പെട്ടി കൊണ്ട് ശരീരത്തില്‍ പലഭാഗത്തായി പൊള്ളിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. വേദനിച്ച് പിടയുന്നതിനിടയില്‍ അതേ മുറിയില്‍ ഉണ്ടായിരുന്ന കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞു. തുടര്‍ന്ന് കുഞ്ഞിന്റെ മുഖത്ത് തലയിണവെച്ച് അമര്‍ത്തി കൊലപ്പെടുത്തി. മകള്‍ മരിച്ചെന്നു മനസ്സിലാക്കിയ പ്രതി ഷാഹിദയെയും വെറുതേവിട്ടില്ല. ഭാര്യയെയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

പിന്നീട് ഇയാള്‍ കുഞ്ഞിന്റെ മൃതദേഹം ജ്വല്ലറിയുടെ ക്യാരിബാഗില്‍ കെട്ടിപ്പൊതിഞ്ഞ് വീട് പുറത്തു നിന്ന് പൂട്ടി സ്ഥലം വിട്ടു. പുലര്‍ച്ചെ നാലു മണിയോടെ കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലാക്കി മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കനാലിലേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹം ഉപേക്ഷിച്ചശേഷം സമീപത്തെ ഒരു കടയില്‍ക്കയറി ഉപ്പുമാവും ചായയും കഴിച്ചു. ഇതിനിടെ ഷാഹിദയുടെ ഒരു ബന്ധു ഫോണില്‍ വിളിച്ചിരുന്നു. ഇവരോട് ഷാഹിദയും കുഞ്ഞും ഒരു ബന്ധുവീട്ടില്‍ പോയിരിക്കുകയാണെന്ന് മറുപടിയും നല്‍കി. ഷാഹിദയുടെ മൃതദേഹം കൊത്തി നുറുക്കി പലയിടത്തായി നിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാല്‍, അതിനു മുന്‍പ് നാട്ടുകാര്‍ ഷാഹിദയുടെ മരണ വിവരം അറിയുകയായിരുന്നു.