കോട്ടയം: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുന്നത്.മഴ ശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാല്‍ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടല്‍. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്ഇബി ബോര്‍ഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. കഴിഞ്ഞ തവണ ഡാം തുറക്കാന്‍ വൈകിയതിനാല്‍ ബോര്‍ഡ് ഏറെ പഴി കേട്ടിരുന്നു. അത് ഒഴിവാക്കാന്‍ കൂടിയാണ് തീരുമാനമെന്നാണ് സൂചന. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മഴയുടെ പശ്ചാത്തലത്തില്‍ മാട്ടുപ്പെട്ടി, പൊന്‍മുടി, മലങ്കര അണക്കെട്ടുകളില്‍ നിന്നുള്ള ജലമൊഴുക്ക് കൂട്ടി. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി ചെറുതോണി അണക്കെട്ടിൻ്റെ ഒരു ഷട്ടര്‍ തുറന്നു; ഒഴുക്കിവിടുന്നത് സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം