ഇടതു കോട്ടയായ ആലത്തൂരില്‍ അരലക്ഷം കടന്ന് യു.ഡി.എഫിന്‍റെ രമ്യ ഹരിദാസിന് ലീഡ്; ലീഡ് നില മാറിമറിഞ്ഞ് കാസര്‍കോട്

  • Post category:news
  • Reading time:1 min read
You are currently viewing ഇടതു കോട്ടയായ ആലത്തൂരില്‍ അരലക്ഷം കടന്ന് യു.ഡി.എഫിന്‍റെ രമ്യ ഹരിദാസിന് ലീഡ്;  ലീഡ് നില മാറിമറിഞ്ഞ് കാസര്‍കോട്

ഇടതുകോട്ടയായ ആലത്തൂരില്‍ സിറ്റിങ് എം.പി പി.കെ ബിജുവിനെ അരലക്ഷത്തോളം വോട്ടിന് പിന്നിലാക്കി രമ്യ ഹരിദാസിന്‍റെ കുതിപ്പ്. 52025 വോട്ടിന്‍റെ ലീഡാണ് ആലത്തൂരില്‍ രമ്യയ്ക്കുള്ളത്. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് ബിജുവിന് ലീഡിലേക്ക് എത്താനായത്. പിന്നീട് രമ്യ ഹരിദാസ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഇടത് കോട്ടകള്‍ പോലും പിടിച്ച് കുലുക്കിയാണ് രമ്യ ലീഡ് നിലനിര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടത് കോട്ടകളിലെല്ലാം രമ്യ ഹരിദാസാണ് മുന്നില്‍.

അതേസമയം, കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. ലീഡ് നില മാറി മറിയുന്ന കാസര്‍കോട് മണ്ഡലത്തില്‍  വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഇവിടെ കോണ്‍ഗ്രസിന്‍റെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ലീഡ് നേടിയിരുന്നത്. ഇടയ്ക്ക് ഒരുവട്ടം മാത്രം എല്‍.ഡി.എഫിന്‍റെ സതീഷ്‌ ചന്ദ്രന്‍ 3000ല്‍ അധികം വോട്ടുകള്‍ക്ക് മുന്നില്‍ വന്നിരുന്നു.

നിലവില്‍ കേരളത്തില്‍ ഒരു സീറ്റിലാണ് എല്‍.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നത്. ആലപ്പുഴയില്‍ എം.എം ആരിഫ് നേരിയ വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു. വടകരയില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. രാജ്യത്ത് എന്‍.ഡി.എയാണ് മുന്നിട്ടുനില്‍ക്കുന്നത്. 340 സീറ്റുകളില്‍ എന്‍.ഡി.എയും 104 സീറ്റില്‍ യു.പി.എയും മുന്നിട്ടുനില്‍ക്കുന്നു.

0Shares