
നീലേശ്വരം: സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍. ഇ.എം.എസ് സ്മൃതി ചരിത്രചിത്രപ്രദര്‍ശനം കാണികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികളോട് അനുബന്ധിച്ച് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രദര്‍ശനം നടക്കുന്നത്. ചിത്രപ്രദര്‍ശനത്തില്‍ ഇ.എം.എസും ഭാര്യ ആര്യ അന്തര്‍ജനവും ഒരുമിച്ചുള്ള യൗവനകാലചിത്രം, ഇ.എം.എസും എന്‍.ഇ ബല്‍റാം ഒരുമിച്ചുള്ള നര്‍മ്മ മുഹൂര്‍ത്തം, പി.കെ ചാത്തന്‍, ടി വി തോമസ്, ഇഎംഎസ് ഒരുമിച്ചുള്ള ചിത്രം, ആദ്യ മന്ത്രിസഭയിലെ വനിതാ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മയും ഒരുമിച്ചുള്ള ചിത്രം എന്നിങ്ങനെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതുപോലെതന്നെ 60 വര്‍ഷത്തെ നിയമസഭയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത നിയമസഭ ചരിത്രപ്രദര്‍ശനവും കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, എംഎല്‍എമാരായ എം.രാജഗോപലന്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, കെ.പി കുഞ്ഞിക്കണ്ണന്‍, എജിസി ബഷീര്‍, പ്രെഫ. കെ.പി ജയരാജന്‍, വി.പി ജാനകി, വി.വി രമേശന്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.