
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ പരാമര്‍ശിച്ച മാഡം ഒരു സിനിമാ നടിയാണെന്നും ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് തരപ്പെടുത്തിയ കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാഡം എന്നത് കെട്ടുകഥയല്ലെന്നും സിനിമാ രംഗത്തുനിന്നുള്ള ഒരാളാണെന്നും നേരത്തെ പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ മാസം 16 നുള്ളില്‍, ജയിലിലുള്ള വി.ഐ.പി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാഡം സിനിമാരംഗത്തുള്ളവരെന്ന് വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ സുനി ചില വന്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായത്. പിന്നീട് സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്ന് പോലീസിനോട് പറഞ്ഞു. മാഡം ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. ഇതിനിടെ ദിലീപിന്റെ ഭാര്യ കാവ്യമാധവനെയും ഭാര്യാമാതാവ് ശ്യാമളെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
