
ഹാരിസ് തായൽ ചെർക്കള
അന്നൊരു പതിമൂന്നുകാരൻ ആ ഉമ്മറത്തെത്തി ബെല്ലടിച്ചു. അകത്തുനിന്ന് ഒരാൾ വന്നു വാതിൽ തുറന്നു. നീ ആര് കുട്ടി… എന്ത് വേണം. ജിജ്ഞാസയോടെ അയാൾ ചോദിച്ചു. എനിക്ക് റദ്ദുച്ചാനെ കാണണം. അദ്ദേഹം പുഞ്ചിരിയോടെ തോളിൽ തട്ടി പറഞ്ഞു.ഞാൻ തന്നെയാണ് റദ്ദുച്ച. ആട്ടെ എന്തുവേണം. എന്‍റെ നബിദിന ബുള്ളറ്റിനിലേക്ക് തൗസഫിയുടെ പരസ്യം വേണം. എനിക്ക് പരസ്യം തരോ ?
കാര്യം പിടികിട്ടിയ അദ്ദേഹം 500 രൂപയുടെ പിടക്കുന്ന നോട്ടെടുത്ത് ആ കുട്ടിക്കു നേരെ നീട്ടി.. കണ്ടു കണ്ണഞ്ചിപ്പോയ ആ കുട്ടിയെ നോക്കിചോദിച്ചു സന്തോഷമായോ…? അല്ലാതെ…!! ഹും..ആ കുട്ടി തലയാട്ടി. 100 രൂപ പോലും പ്രതീക്ഷിക്കാതെ പോയി 500 രൂപ കിട്ടിയ സന്തോഷത്തിൽ തിരിച്ചു നടന്ന ആ കുട്ടിയായിരുന്നു ഈ ഞാൻ…. ആരോ പറഞ്ഞു തന്ന നായന്മാർമൂലയിലെ ആ പൈസക്കാരന്‍റെ അടുത്തേക്ക് ആദ്യം പോയതും കണ്ടതും പിരിവ് ചോദിച്ചതുമെല്ലാം അന്നാദ്യമായിരുന്നു.
റദ്ദുച്ച….റദ്ദുച്ച എന്ന വിളിയോടെ പിന്നെ ഞാൻ അടുത്തു കൂടി. അങ്ങനെ തുടങ്ങി ആ സ്നേഹബന്ധം. പിന്നീട് പലവട്ടം ആ വീട്ടിൽ പോയി. പിരിവായും സ്നേഹപ്രകടനമായും. ഇടയ്ക്കിടയ്ക്കുള്ള ആ കാഴ്ചയും സന്ദർശനവും പിന്നിടു പതിവായി . വലിയ സ്നേഹമായി റദ്ദുച്ച സ്വീകരിച്ചു. പിന്നെ ആ വീട്ടിലേക്കുള്ള യാത്രയുടെ ഇടവേള നീണ്ടാൽ അന്വേഷിക്കും. കണ്ടാൽ ഈ വഴിയൊക്കെ മറന്നോ എന്നുപറഞ്ഞ് ഒന്നു കൊട്ടും. പലരുടെയും കണ്ണീർ കഥകൾ ആ സഹിതം ഞാൻ വിളമ്പുമായിരുന്നു. എല്ലാം കേൾക്കും റദ്ദുച്ച. അതിൽ വല്ലതും സംശയമുണ്ടെങ്കിൽ ചോദിക്കും. പിന്നെ വലിയ സഹായമായിരിക്കും. അതു പണമായും സ്നേഹമായും മറ്റുപല വിധമായും. ഇങ്ങനെ സ്നേഹമുള്ള മനസ്സിനെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടേയില്ല. പണം ഉള്ളവനും ഇല്ലാത്തവനും മുതിർന്നവരും കുട്ടികളും പണ്ഡിതനും പാമരനും ആ കണ്ണിൽ ഒരുപോലെയായിരുന്നു. ആ മനസ്സിൽ നിന്ന് ആദ്യം കണ്ടത് മുതൽ ഞാൻ വായിച്ചെടുത്തത് പാവങ്ങളെ ചേർത്ത് നിർത്താനുള്ള സ്നേഹത്തിന്‍റെ ഇരമ്പലായിരുന്നു.

റദ്ദുച്ച എനിക്ക് സമ്മാനിച്ച ഇഷ്ടം ഞാൻ പറയുമ്പോൾ ചുറ്റിലുമുള്ള എല്ലാവരും പറയുന്നു എന്നോടായിരുന്നു കൂടുതൽ ഇഷ്ടമെന്ന്. എല്ലാവർക്കും ഒരുപോലെ സ്നേഹം നൽകിയ അദ്ദേഹം പഞ്ചായത്ത് മുസ്ലിം ലീഗിൻറെ ജനറൽസെക്രട്ടറിയായപ്പോൾ എം. എസ്. എഫിന്‍റെ സെക്രട്ടറിയായി അടുത്തിരിക്കാൻ ഭാഗ്യമുണ്ടായി. അദ്ദേഹം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായപ്പോൾ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായും അടുത്തിരുന്നു. അപ്പോഴൊക്കെ അദ്ദേഹം തന്ന ധൈര്യം അപാരം തന്നെ.
നന്നായി പ്രവർത്തിക്കുന്നവരെ നന്നായി പ്രോത്സാഹിപ്പിച്ചു അദ്ദേഹം. പാർട്ടി കൊണ്ട് പണമാവാതെ പാർട്ടിക്ക് വേണ്ടി അദ്ദേഹം പണം ചിലവഴിച്ചു. ചെങ്കള പഞ്ചായത്തിലെ മുക്കുമൂലകളിലെ മനോഹരമായ പല പാർട്ടി ഓഫീസുകളും അദ്ദേഹം നൽകിയ സമ്മാനമായി. ഗ്രാമങ്ങളിൽ പാർട്ടിയെ വടവൃക്ഷം പോലെ അദ്ദേഹം വളർത്തി. പാർട്ടിയിൽ തന്‍റെ വളർച്ചയോടൊപ്പം പാർട്ടിയും വളരണമെന്ന നിർബന്ധബുദ്ധി ചെങ്കള പഞ്ചായത്തിനെ തന്നെ പച്ചക്കോട്ടയാക്കി മാറ്റി. ആളാരവം കൊണ്ട് നിറഞ്ഞുകവിഞ്ഞു പിന്നീട് അദ്ദേഹത്തിന്‍റെ തിരുമുറ്റം. ആവലാതികളിറക്കി വെക്കാൻ വരുന്ന പാവങ്ങളായിരുന്നു അതിൽ മഹാഭൂരിപക്ഷം. അവരുടെയൊക്കെ ചുണ്ടിൽ പുഞ്ചിരി വിടരുന്ന വാക്കും സ്നേഹവുമായി റദ്ദുച്ച ഹൃദയത്തിൽ പടർന്നുകയറി.
അധികം താമസിയാതെ വളർച്ചയുടെ പടവുകളിലേക്കുള്ള ആദ്യയാത്ര രാജകീയക്കി ആ രാഷ്ട്രീയ സൂര്യൻ ഉദിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദം ഏറ്റെടുത്ത ഉടനെ ആശ്ലേഷിക്കാൻ ഞാൻ അരികിലെത്തി. എന്നെ കണ്ടതും നിറഞ്ഞ സന്തോഷത്തോടെ ചേർത്തുനിർത്തി. എന്നിട്ട് ക്യാമറാമാനോട് ,
ഒരു ഫോട്ടോ വേണം. അവസാനം പ്രസിഡണ്ടിന്‍റെ ചെയറിൽ ഇരിക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിലും അദ്ദേഹം എനിക്കു നൽകിയ പരിഗണന മനസ്സിൽ എന്നും തങ്ങി നിൽക്കും. പിന്നീടൊരു വട്ടം ആ വീട്ടിൽ പോയപ്പോൾ അദ്ദേഹം എനിക്കു രണ്ടു ഫോട്ടോ തന്നു . അതു പ്രസിഡണ്ട് പദവി ഏറ്റെടുക്കുമ്പോൾ റദ്ദുച്ച ക്യാമറമാനെ കൊണ്ട് എടുപ്പിച്ച ആ രണ്ടു ഫോട്ടോയായിരുന്നു. ഇന്നും നിധിപോലെ ഞാനത് കാത്തുസൂക്ഷിക്കുന്നു.
അവസാനം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്‍റെ പ്രസിഡൻറായി ഒരു മഹാ സമ്മേളനത്തിന് നേതൃത്വം കൊടുക്കുമ്പോഴും സർവ്വ ശ്രദ്ധയുടെ സ്നേഹനേതൃതലം സ്വീകരിച്ച് എല്ലാം നടത്തി തന്നു റദ്ദുച്ച. ആത്മ ധൈര്യം ഞങ്ങളുടെ സിരകളിലേക്ക് സമ്മാനിച്ച അദ്ദേഹം ഞങ്ങളെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ചു. ചരിത്രമായ സമ്മേളനം മുഴുവൻ കണ്ടു സമാപനസമ്മേളന വേദിയിൽ എത്തിയ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് പതിവ് പോലെ ഒരു ഡയലോഗ്… എല്ലാം ജഗപൊകയായി. നിങ്ങൾ വിജയിച്ചിരിക്കുന്നു. പരീക്ഷ എഴുതാൻ പഠിപ്പിച്ച ആ ഗുരുനാഥന്‍റെ അഭിനന്ദനം ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിന്ന് ഞാൻ പൂർത്തീകരണം തേടുമ്പോൾ എനിക്ക് ആദ്യം നന്ദി പറയാനുള്ളത് കഴിഞ്ഞ 25 വർഷക്കാലം എനിക്ക് സ്നേഹവും ധൈര്യവും തന്ന എന്‍റെ റദ്ദുച്ചയോടാണ്. എവിടെ പ്രിയ നേതാവ്?
ഇന്ന് അദ്ദേഹമില്ലാത്ത ഒരു വർഷം പിന്നിടുമ്പോൾ കണ്ണീർക്കടലാവുകയാണ്നാം. ഇപ്പോഴും മരണവാർത്ത ഉൾക്കൊള്ളാതെ ആ വീട്ടുമുറ്റത്ത് എത്താനാണ് എല്ലാവർക്കും ധൃതി. ദുഃഖങ്ങൾ ആ വീട്ടുമുറ്റത്ത് ഇറക്കിവെക്കാനാണ് ആധി. ആ തണലേറ്റു വളർന്ന അനേകായിരങ്ങളിൽ ഒരാളായി ഈ ഞാനും തേടുന്നു… എന്‍റെ റദ്ദുച്ചയെവിടെ ?
അല്ലാഹുവേ, എന്‍റെ പ്രിയ നേതാവിനെ നീ സ്വർഗ്ഗലോകം നൽകി അനുഗ്രഹിക്കണേ നാഥാ. നാളെ സ്വർഗ്ഗ ലോകത്ത് ഞങ്ങളെ നീ ഒരുമിച്ചു കൂട്ടുകയും ചെയ്യണേ അല്ലാഹ്….ആമീൻ എന്ന പ്രാർത്ഥനയോടെ ആ ഓർമ്മകളിലൂടെ ഞാനും കണ്ണീരണിയുന്നു.
