ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി കൊടുത്ത മറുപടി

  • Post category:news
  • Reading time:2 mins read
You are currently viewing ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി കൊടുത്ത മറുപടി


കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി അഗസ്റ്റിന്‍ തെരുവത്ത് പള്ളിവക ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ചുകൊണ്ട് നല്‍കിയ കത്തിന് ഒരു വിശ്വാസി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.പള്ളിവക ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ചുകൊണ്ടുള്ള കത്തില്‍, അവസാന ഭാഗത്ത് മാതാവ് പ്രതീക്ഷിക്കുന്ന തുക 20,000 രൂപ ആണെന്നും പറഞ്ഞിരിക്കുന്നു. പരിഹസിച്ച് വിശ്വാസിയുടെ കത്ത് പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരിക്കുകയാണ്. പള്ളിയില്‍ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് വികാരിയച്ചനെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കത്തില്‍ പറയുന്നത്.

“വളരെ ബുദ്ധിമുട്ടായതിനാൽ ആശുപത്രി പണിയുടെ പേരിൽ മാതാവ്‌ പ്രതീക്ഷിയ്ക്കുന്ന തുകയിൽ ഇളവു നൽകിയിട്ടുണ്ട്‌. ഉള്ളത്‌ വച്ച്‌ ₹ 500 രൂ. നൽകിയാൽ മതിയെന്നും, പണമുണ്ടെന്ന് കരുതിയാണ്‌ ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ്‌ പറഞ്ഞു. ആയതിനാൽ എന്റെ തുകയായ ₹ 500 രൂ. സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.” എന്ന് പറഞ്ഞാണ് വിശാസിയുടെ കത്ത് തുടരുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ കത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ബഹുമാനപ്പെട്ട വികാരിയച്ചൻ അറിയുന്നതിന്‌,
പള്ളിയിൽ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച്‌ മാതാവിനോട്‌ കാര്യങ്ങൾ പറഞ്ഞു. മഴക്കാലമാണ്‌ പണിയില്ല, പനിയാണെങ്കിൽ കുടുംബമടക്കം വന്നിട്ടു രണ്ടാഴ്ചയായി. മരുന്നും കഞ്ഞിക്കുള്ള അരിയും വാങ്ങുന്നത്‌ തന്നെ മത്തായി മാപ്പിളയോട്‌ അദേഹം പ്രതീക്ഷിയ്ക്കുന്ന പലിശയ്ക്ക്‌ കടം വാങ്ങിയിട്ടാണ്‌. സർവ്വോപരി പാലാക്കാരനായ ഞാൻ എല്ലാവരേയും പോലെ പറമ്പിന്നു കിട്ടുന്ന ഇച്ചരെ റബർ ഷീറ്റും ഒട്ടുപാലും വിറ്റാണ്‌ പിള്ളേരെ പഠിപ്പിക്കുന്നതും കുടുംബം പോറ്റുന്നതും. ഇത്തവണ മഴക്കാലത്ത്‌ റബ്ബറിനു പ്ലാസ്റ്റിക്കിടാൻ പോലുമുള്ളത്‌ കിട്ടിയിട്ടില്ല. റബ്ബറിനു വില കൂട്ടുന്ന കാര്യം പുണ്യാളൻ മുഖേന മാതാവിനെ അറിയിച്ചിട്ടും ചർച്ചയിൽ ഒരു തീരുമാനമായിട്ടില്ല. ഇന്തോനേഷ്യയിൽ നിന്നുള്ള റബ്ബർ കയറ്റുമതി കുറയണം എന്നാണ്‌ പുണ്യാളൻ പറയുന്നത്‌. മോദിയായതു കൊണ്ട്‌ നേരിൽ കാര്യം പറയാൻ മാതാവിനൊരു ചമ്മൽ. എന്നാലും ശരിയാക്കാം എന്നു അറിയിച്ചിട്ടുണ്ട്‌.
വളരെ ബുദ്ധിമുട്ടായതിനാൽ ആശുപത്രി പണിയുടെ പേരിൽ മാതാവ്‌ പ്രതീക്ഷിയ്ക്കുന്ന തുകയിൽ ഇളവു നൽകിയിട്ടുണ്ട്‌. ഉള്ളത്‌ വച്ച്‌ ₹ 500 രൂ. നൽകിയാൽ മതിയെന്നും, പണമുണ്ടെന്ന് കരുതിയാണ്‌ ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ്‌ പറഞ്ഞു. ആയതിനാൽ എന്റെ തുകയായ ₹ 500 രൂ. സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.
എന്ന്
ഒരു വിശ്വാസി.

0Shares